പൊലീസ് സ്റ്റേഷനുകളിലെ ജി.ഡിയും എഫ്.ഐ.ആറും ഓണ്‍ലൈന്‍ സംവിധാനത്തില്‍

തൃശൂര്‍: എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജി.ഡി(ജനറല്‍ ഡയറി)യും എഫ്.ഐ.ആറും ഓണ്‍ലൈന്‍ സംവിധാനത്തിലാക്കിയ  രാജ്യത്തെ ആദ്യ സംസ്ഥാനം എന്ന അപൂര്‍വ നേട്ടം കേരളം കൈവരിച്ചു.  തൃശൂര്‍ റൂറല്‍ പൊലീസ് ജില്ലയില്‍ ഉള്‍പ്പെട്ട സ്റ്റേഷനുകളില്‍  ഈ സംവിധാനം നിലവില്‍ വന്നതോടെയാണ് രാജ്യത്തിന് മാതൃകയാകുന്ന പദ്ധതി എല്ലായിടത്തും ഏര്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുന്നത്. ശനിയാഴ്ച മാളയില്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ ഇതു സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം നടത്തും. 2014 ഫെബ്രുവരി 16 നാണ് ഈ സംവിധാനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഒന്നര വര്‍ഷം കൊണ്ട് സംസ്ഥാനത്തെ 482 പൊലീസ് സ്റ്റേഷനുകളിലും ഓണ്‍ലൈനായി ജി.ഡി എഫ്.ഐ.ആറും തയാറാക്കി കോടതിയില്‍ സമര്‍പ്പിക്കുന്നതുള്‍പ്പെട്ട ബൃഹത് സംവിധാനമാണ് പൂര്‍ത്തിയാകുന്നത്.
രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളെയും ബന്ധപ്പെട്ട മറ്റ് ഓഫിസുകളെയും കമ്പ്യൂട്ടര്‍ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്ന കേന്ദ്രപദ്ധതിയായ ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് ആന്‍ഡ് നെറ്റ് വര്‍ക്ക് സിസ്റ്റത്തിലൂടെ (സി.സി.ടി.എന്‍.എസ്) യാണ് ഈ പദ്ധതി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണ് ഈ പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചത്.   2009 ലാണ് സി.സി.ടി.എന്‍.എസ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നതെങ്കിലും അതിന്‍െറ ലക്ഷ്യങ്ങളില്‍ ബഹുഭൂരിപക്ഷവും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രാജ്യത്ത്  നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നിരിക്കെയാണ് കേരളത്തിന്‍െറ ഈ നേട്ടത്തിന്‍െറ പ്രാധാന്യം. രാജ്യമാകെയുള്ള പൊലീസ് സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനമാണ് ഇതുകൊണ്ട്  ഉദ്ദേശിച്ചിട്ടുള്ളത്. സംസ്ഥാനാനന്തര കുറ്റകൃത്യങ്ങള്‍ മയക്കുമരുന്ന് മാഫിയ, മനുഷ്യക്കടത്ത് മാഫിയ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കേസുകളില്‍ വിവിധ സംസ്ഥാന പൊലീസുകള്‍ക്ക് പരസ്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ഈ സംവിധാനം സഹായകമാകണമെന്നായിരുന്നു ലക്ഷ്യം. അതിന്‍െറ ഭാഗമായാണ് ജി.ഡി, എഫ്.ഐ.ആര്‍ എന്നിവ ഓണ്‍ലൈനായി തയാറാക്കി കോടതിയില്‍ ഉള്‍പ്പെടെ സമര്‍പ്പിക്കുന്ന സംവിധാനം കേരളത്തില്‍ നടപ്പാക്കിയത്. അതാണ് ഇപ്പോള്‍ സമ്പൂര്‍ണ വിജയത്തിലത്തെിയത്.
മലപ്പുറം ജില്ലയിലെ 28 പൊലീസ് സ്റ്റേഷനുകളിലാണ് ഈ സംവിധാനം ആദ്യം ഏര്‍പ്പെടുത്തിയത്. ക്രമേണ എല്ലാ ജില്ലകളിലേക്കും  പദ്ധതി വ്യാപിപ്പിച്ചു. അതാണ് ഇപ്പോള്‍ സമ്പൂര്‍ണ വിജയത്തിലത്തെിയത്. മറ്റ് സംസ്ഥാനങ്ങളില്‍  വിപ്രോക്കാണ്  പദ്ധതി നടപ്പാക്കലിന്‍െറ മേല്‍നോട്ട ചുമതല.  കേരളത്തില്‍ ബി.എസ്.എന്‍.എല്ലാണ് നെറ്റ്വര്‍ക്കിങ് സംവിധാനത്തിന്‍െറ ചുമതല നിര്‍വഹിക്കുന്നത്. ടി.സി.എസ് ആണ് സിസ്റ്റം ഇന്‍റഗ്രേറ്റര്‍.  അക്സങ്കര്‍  പ്രോജക്ട് മാനേജ്മെന്‍റ് ചുമതല നിര്‍വഹിച്ചിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.