തദ്ദേശ തെരഞ്ഞെടുപ്പ്: പഴയ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി നടത്താന്‍ ആലോചന

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് 2010ലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍തന്നെ നടത്താന്‍  സര്‍ക്കാര്‍ തലത്തില്‍ ആലോചന സജീവമായി. തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്താമെന്ന നിര്‍ദേശം വന്നെങ്കിലും രാഷ്ട്രീയ കാരണങ്ങളും ചെലവ് ഇരട്ടിക്കുമെന്നതുമടക്കം പരിഗണിച്ച് ഇത് ഏറക്കുറെ വേണ്ടെന്ന് വെച്ച അവസ്ഥയിലാണ്. അതേസമയം, കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ പുതിയ 28 മുനിസിപ്പാലിറ്റികളും കണ്ണൂര്‍ കോര്‍പറേഷനും ഒഴിവാക്കിയേ പറ്റൂ. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമീഷനുമായി നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യങ്ങളിലെല്ലാം അന്തിമ തീരുമാനം ഉണ്ടാകും.
ഹൈകോടതി അംഗീകരിച്ച പുതിയ മുനിസിപ്പാലിറ്റികളും കണ്ണൂര്‍ കോര്‍പറേഷനുമെങ്കിലും നിലനിര്‍ത്തി മുഖം രക്ഷിക്കണമെന്ന ചിന്ത സര്‍ക്കാറിനും വകുപ്പ് ഭരിക്കുന്ന മുസ്ലിം ലീഗിനുമുണ്ടായിരുന്നു. എന്നാല്‍,തെരഞ്ഞെടുപ്പ് വൈകാനിടയാക്കുമെന്നതിനാല്‍ ഇതിനോട് കോണ്‍ഗ്രസ് താല്‍പര്യം കാട്ടുന്നില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തെരഞ്ഞെടുപ്പ് നീട്ടുന്നതിന് അനുകൂലമല്ല.  സര്‍ക്കാര്‍ നടപടികള്‍ മൂലം തെരഞ്ഞെടുപ്പ് വൈകുന്നുവെന്ന പ്രചാരണം തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് പൊതുവെ ഭരണമുന്നണിയിലെ കക്ഷികളെല്ലാം.
അതേസമയം, ഡീലിമിറ്റേഷന്‍ കമ്മിറ്റി അംഗങ്ങളായ നാല് ഗവണ്‍മെന്‍റ് സെക്രട്ടറിമാര്‍ പുതിയ 28 മുനിസിപ്പാലിറ്റികളിലെയും കണ്ണൂര്‍ കോര്‍പറേഷനിലെയും വാര്‍ഡ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കണമെന്നുകാണിച്ച് കമീഷന്‍ ചെയര്‍മാന് കത്ത് നല്‍കിയത് സര്‍ക്കാറിന്‍െറ അറിവോടെയാണെന്ന് വ്യക്തം. നഗരസഭകളിലെ ഡീലിമിറ്റേഷന്‍ നടപടികള്‍ തുടര്‍ന്നാല്‍  ബ്ളോക്കുകളുടെ പുനര്‍വിഭജനം അനിവാര്യമാകും. ഇതോടെ മൂന്നു മാസമെങ്കിലും തെരഞ്ഞെടുപ്പ് നീളുന്ന സ്ഥിതി വരും. ഈ സമയംകൊണ്ട് എല്ലാ നടപടികളും പൂര്‍ത്തിയാക്കാനുമാകും. ഇതായിരുന്നു സെക്രട്ടറിമാരുടെ കത്തിനുപിന്നിലെ ഉദ്ദേശ്യം. എന്നാല്‍, കത്തിനുപിന്നാലെ പുതിയ ബ്ളോക് പഞ്ചായത്തുകള്‍  റദ്ദാക്കിയ കോടതി വിധി വന്നതോടെ സര്‍ക്കാറിനു മുന്നില്‍ കാര്യമായ വഴികളില്ലാതെയായി.
കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ഒന്നാംഘട്ടമായും ത്രിതല പഞ്ചായത്ത് തലത്തില്‍ രണ്ടാംഘട്ടമായും തെരഞ്ഞെടുപ്പ് നടത്താമെന്ന നിര്‍ദേശമാണ് സര്‍ക്കാറില്‍ ഉയര്‍ന്നിരുന്നത്. എല്ലാ തദ്ദേശ സ്ഥാപനങ്ങളെയും രക്ഷിക്കാനും വാര്‍ഡ് വിഭജനം നടപ്പാക്കിയെടുക്കാനും ഇതിലൂടെ കഴിയുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഇങ്ങനെ വന്നാല്‍ എല്ലാ ജില്ലകളിലും രണ്ട് തവണ തെരഞ്ഞെടുപ്പ് പ്രകിയയും ഒപ്പം  പെരുമാറ്റച്ചട്ടവും വരും. ഇത് സര്‍ക്കാറിനെ  ഒന്നുംചെയ്യാനാവാത്ത അവസ്ഥയിലത്തെിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുണ്ടാവുന്ന ഇത്തരം നിഷ്ക്രിയാവസ്ഥ ഏറെ അപകടകരണാണെന്ന തിരിച്ചറിവിലാണ്  ഈ നീക്കം ഉപേക്ഷിച്ചത്.  മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങള്‍ അതിജീവിക്കാനുള്ള സാധ്യതകളാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍  അപ്പീലിന് പോകില്ളെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിരിക്കെ,  ഇതില്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ നിലപാട് നിര്‍ണായകമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.