ബ്ലോക്‌ പഞ്ചായത്ത് വാര്‍ഡ് വിഭജനവും നിര്‍ത്തിവെക്കണം -ഹൈകോടതി

കൊച്ചി: പുതിയ പഞ്ചായത്തുകളുടെ രൂപവത്കരണം റദ്ദാക്കിയതിന് പിന്നാലെ ബ്ളോക് പഞ്ചായത്ത് വാര്‍ഡ് വിഭജന നടപടികളും നിര്‍ത്തിവെക്കാന്‍ ഹൈകോടതിയുടെ ഉത്തരവ്. അശാസ്ത്രീയമായും രഹസ്യമായും ബ്ളോക് പഞ്ചായത്ത് വാര്‍ഡ് പുനര്‍വിഭജനം നടത്തുന്നതും വിഭജനത്തിലെ അപാകതകളും ചോദ്യം ചെയ്ത് ലഭിച്ച 12 ഹരജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ളയുടെ ഇടക്കാല ഉത്തരവ്. മുന്‍ ആറന്മുള എം.എല്‍.എയും സി.പി.എം നേതാവുമായ കെ.സി. രാജഗോപാല്‍ ഉള്‍പ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചത്. വില്ളേജ് രൂപവത്കരണ വിജ്ഞാപനമില്ലാതെയും പരസ്യപ്പെടുത്താതെയും ബ്ളോക് പഞ്ചായത്ത് വാര്‍ഡ് വിഭജനത്തിന് നടപടി സ്വീകരിച്ചത്  പ്രഥമദൃഷ്ട്യാ ഭരണഘടനാവിരുദ്ധമാണെന്ന് വിലയിരുത്തിയാണ് സിംഗ്ള്‍ബെഞ്ച് ഉത്തരവ്. പഞ്ചായത്തുകളുടെ വിഭജനം സംബന്ധിച്ച അതിര്‍ത്തി പ്രശ്നങ്ങള്‍  ബ്ളോക് പഞ്ചായത്തിന്‍െറ കാര്യത്തിലും ബാധകമാണെന്ന് കോടതി നിരീക്ഷിച്ചു.

69 പുതിയ പഞ്ചായത്തുകളുടെ രൂപവത്കരണവും കോര്‍പറേഷനുകള്‍ വിഭജിച്ച് നാല് മുനിസിപ്പാലിറ്റികളുണ്ടാക്കിയതും കോടതി റദ്ദാക്കിയിട്ടുണ്ട്. ഇതിനെതിരായ സര്‍ക്കാര്‍ അപ്പീലില്‍ ഡിവിഷന്‍ബെഞ്ച് സ്റ്റേ നല്‍കിയില്ല. മാത്രമല്ല, പുനര്‍വിഭജന നടപടികള്‍ തുടരാന്‍ അനുവദിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം അനുവദിച്ചുമില്ല. ഇതിനിടെയാണ് ബ്ളോക് പഞ്ചായത്തുമായി ബന്ധപ്പെട്ട നടപടികള്‍ തുടരുന്നത് കൂടി കോടതി തടഞ്ഞത്.

പഞ്ചായത്ത്, മുനിസിപ്പാലിറ്റി രൂപവത്കരണം ചോദ്യം ചെയ്യുന്ന ഹരജികള്‍ കോടതിയുടെ പരിഗണനയിലിരിക്കെ ആഗസ്റ്റ് മൂന്നിനാണ് ബ്ളോക് പഞ്ചായത്ത് വിഭജനം സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇത് അതീവ രഹസ്യ സ്വഭാവത്തിലായിരുന്നുവെന്ന ഹരജിക്കാരുടെ വാദത്തോട് കോടതി യോജിച്ചു.  തുടര്‍ന്ന് ഹരജികള്‍ ഫയലില്‍ സ്വീകരിച്ച കോടതി തെരഞ്ഞെടുപ്പ് കമീഷനോടും ഡീലിമിറ്റേഷന്‍ സമിതിയോടും വിശദീകരണം തേടി. ഹരജികള്‍ വീണ്ടും സെപ്റ്റംബര്‍ മൂന്നിനുശേഷം പരിഗണിക്കാനായി മാറ്റി.

കിലോമീറ്ററുകള്‍ അകലെയുള്ള പഞ്ചായത്തുകള്‍ ചേര്‍ത്ത് ബ്ളോക് പഞ്ചായത്തുകള്‍ രൂപവത്കരിച്ചു, സൗകര്യപ്രദമായി നിലനിന്നിരുന്ന ബ്ളോക് പഞ്ചായത്തുകളെ അശാസ്ത്രീയമായി വിഭജിച്ചു, പഞ്ചായത്തുകള്‍ തമ്മില്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ പ്രാദേശികവും ഭൂമിശാസ്ത്രപരവുമായ ഘടകങ്ങള്‍ കണക്കിലെടുത്തില്ല തുടങ്ങിയ ആരോപണങ്ങളാണ് ഹരജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

കുളനട, കോയിപ്പുറം ബ്ളോക് പഞ്ചായത്തുകളെ വിഭജിക്കുകയും ആസ്ഥാനം 20 കിലോമീറ്റര്‍ അകലെ നിശ്ചയിക്കുകയും ചെയ്തത് കൂടിയാലോചനകളില്ലാതെയാണെന്നാണ് കെ.സി. രാജഗോപാലിന്‍െറ ആരോപണം. കോഴിക്കോട് ബ്ളോക് പഞ്ചായത്ത് വിഭജിച്ച് ചേളന്നൂര്‍, കുന്നമംഗലം ബ്ളോക്കുകളാക്കിയത് ചോദ്യം ചെയ്താണ് പ്രസിഡന്‍റ് റീന കുന്നങ്ങാട് ഹരജി നല്‍കിയത്.

കണ്ണൂരിലെ ഇരിക്കൂര്‍ ബ്ളോക് തളിപ്പറമ്പിലേക്ക് കൂട്ടിച്ചേര്‍ത്തതും കൂത്തുപറമ്പില്‍നിന്ന് കോട്ടയം പഞ്ചായത്ത് അടര്‍ത്തി മാറ്റി 15 കിലോമീറ്റര്‍ അകലെയുള്ള തലശ്ശേരിയില്‍ ഉള്‍പ്പെടുത്തിയതും ചോദ്യം ചെയ്ത് മലപ്പട്ടം പ്രഭാകരന്‍, കെ.യു. സുമേഷ് എന്നിവരാണ് ഹരജി നല്‍കിയത്. സമാന അപാകതകളാണ് മറ്റ് ഹരജികളിലും  ഉന്നയിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.