ന്യൂഡല്‍ഹി: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള ഹൈകോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്രസര്‍ക്കാറിനും സംസ്ഥാന സര്‍ക്കാറിനും ഹൈകോടതിയിലെ പരാതിക്കാര്‍ക്കും സുപ്രീംകോടതി നോട്ടീസ്. കുട്ടികളെ കൊണ്ടുവരുന്നത് കേരളത്തില്‍ വലിയ വിഷയമാണെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസുമാരായ മദന്‍ ബി. ലോക്കൂര്‍, യു.യു. ലളിത് എന്നിവരടങ്ങുന്ന സാമൂഹികനീതി ബെഞ്ച് സി.ബി.ഐ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയ ഹൈകോടതി വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു.
യതീംഖാനകളുടെ ഭാഗം പോലും കേള്‍ക്കാതെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈകോടതിവിധി ചോദ്യം ചെയ്ത് വെട്ടത്തൂര്‍, മുക്കം യതീംഖാനകള്‍ അഡ്വ. സി. നാഗേശ്വര റാവു, അഡ്വ. സുല്‍ഫിക്കര്‍ അലി എന്നിവര്‍ മുഖേന സമര്‍പ്പിച്ച ഹരജിയിലാണ് ഹൈകോടതിയിലെ ഹരജിക്കാരായ കൊച്ചിയിലെ ‘തമ്പ്’ എന്ന സംഘടനയുടെ പ്രസിഡന്‍റ് രാജേന്ദ്ര പ്രസാദ്, ചൈല്‍ഡ് റൈറ്റ്സ് ഇനീഷ്യേറ്റിവ് കോഓഡിനേറ്റര്‍ ഗോപിക ഗോവിന്ദന്‍ എന്നിവര്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചത്.
കേരളത്തിലെ യതീംഖാനകള്‍ ഓര്‍ഫനേജസ് ആന്‍ഡ് അഥര്‍ ചാരിറ്റബ്ള്‍ ഹോംസ് (സൂപ്പര്‍വിഷന്‍ ആന്‍ഡ് കണ്‍ട്രോള്‍) ആക്ട് നിയമപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്‍െറ പരിധിയില്‍ കൊണ്ടുവരേണ്ട ആവശ്യമില്ളെന്നും അഡ്വ. നാഗേശ്വര റാവു വാദിച്ചു. അക്കാര്യം പരിശോധിക്കാവുന്നതാണെന്നും ഹരജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കും ഹൈകോടതിയില്‍ പരാതി നല്‍കിയവര്‍ക്കും നോട്ടീസ് അയക്കുകയാണെന്നും സുപ്രീംകോടതി പ്രതികരിച്ചു. എന്നാല്‍, യതീംഖാനകളെ കേള്‍ക്കാതെയാണ് ഹൈകോടതി സി.ബി.ഐ അന്വേഷണത്തിനുള്ള വിധി പുറപ്പെടുവിച്ചതെന്ന് അഭിഭാഷകന്‍ ബോധിപ്പിച്ചു. നോട്ടീസ് അയക്കാന്‍പോലും തയാറാകാതെ ഏകപക്ഷീയമായി പുറപ്പെടുവിച്ച വിധി സ്റ്റേ ചെയ്യണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇല്ല എന്ന് സുപ്രീംകോടതി പ്രതികരിച്ചു. ഇതിലുള്‍പ്പെട്ട വിഷയം വലുതാണെന്നും കുട്ടികളെ കടത്തുന്ന സംഭവം കേരളത്തില്‍ വ്യാപകമാണെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
നേരത്തെ സി.ബി.ഐ അന്വേഷണം വേണ്ട എന്ന് വിധിച്ച ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന്‍െറ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് കഴിഞ്ഞയാഴ്ചയാണ് ഹരജി സാമൂഹികനീതി ബെഞ്ചിന് വിട്ടത്. അന്ന് കേസില്‍ ഹാജരായ അഡ്വ. കപില്‍ സിബല്‍ ബാര്‍കേസില്‍ കേരളത്തിനുവേണ്ടി മറ്റൊരു കോടതിയില്‍ വാദം നടത്തുന്നതു കൊണ്ടാണ് നാഗേശ്വര റാവു ഹാജരായത്. 2014 മേയ് അഞ്ചിനാണ് മതിയായ രേഖകളില്ലാതെ കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവന്ന കുട്ടികളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് രണ്ടു മലയാളികളടക്കം നാല് അനാഥാലയം ജീവനക്കാര്‍ക്കെതിരെ മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
കുട്ടികളില്‍ 156 പേരെ മുക്കം മുസ്ലിം അനാഥാലയത്തിന് നല്‍കിയത് നിയമപരമാണെന്നാണ് കേരളസര്‍ക്കാര്‍ നിലപാട്. എല്ലാ അനാഥാലയങ്ങളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടതില്ളെന്നും കേരളസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍, ഇതവഗണിച്ചാണ് ജൂലൈ ആറിന് സി.ബി.ഐ അന്വേഷണത്തിനുത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.