ഓണാഘോഷത്തിന് അനധികൃതമായി കാമ്പസില്‍ പ്രവേശിച്ചത് ഇരുപതോളം വാഹനങ്ങള്‍

കഴക്കൂട്ടം: ഓണാഘോഷ പരിപാടികള്‍ക്ക് മാറ്റുകൂട്ടാന്‍ സി.ഇ.ടി കാമ്പസിനുള്ളില്‍ അനധികൃതമായി കയറ്റിയത് ഇരുപതോളം വാഹനങ്ങള്‍. ‘ചെകുത്താന്‍’ എന്ന പേര് പതിച്ച ലോറിക്കുപുറമെ രണ്ട് ജീപ്പുകളും നിരവധി ബൈക്കുകളും സെക്യൂരിറ്റി ജീവനക്കാരുടെ നിര്‍ദേശം പാലിക്കാതെ കാമ്പസിനുള്ളില്‍ കടന്നു. ബാന്‍ഡ് മേളത്തിന്‍െറ അകമ്പടിയോടെയായിരുന്നു ഘോഷയാത്ര. ജീപ്പ് ഓടിച്ചിരുന്നവര്‍ മദ്യപിച്ചിരുന്നതായും ഇതാണ് അപകട കാരണമായതെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
ഘോഷയാത്രയില്‍ ആദ്യം ബൈക്കുകളാണ് സഞ്ചരിച്ചത്.  ഇവക്ക് പിന്നിലായി ബാന്‍ഡ് മേളവും തുടര്‍ന്ന് വിദ്യാര്‍ഥികളും അണിനിരന്നു. ഏറ്റവും പിന്നിലായിരുന്നു ‘ചെകുത്താന്‍’ എന്ന പേരിലെ ലോറി. പച്ച, മഞ്ഞ നിറങ്ങളിലുള്ള ജീപ്പുകളാണ് ഘോഷയാത്രക്ക് ഉപയോഗിച്ചത്. ഘോഷയാത്ര ഓഫിസ് മന്ദിരത്തിന്‍െറ പോര്‍ട്ടിക്കോക്ക് മുന്നിലത്തെിയപ്പോള്‍ അവിടെ നിന്ന്  ബാന്‍ഡ് മേളക്കാര്‍ വാദ്യം മുഴക്കി. ഇതിനിടെ പച്ചനിറത്തിലെ  ജീപ്പ് ഓഫിസിന് പിറകിലേക്ക് ഓടിച്ചുപോയി. തുടര്‍ന്ന് അപകടമുണ്ടാക്കിയ മഞ്ഞ ജീപ്പ് പോര്‍ട്ടിക്കോയെ ഒരുതവണ വലംവെച്ചശേഷം രണ്ടാംതവണ വലംവെക്കാന്‍ തുടങ്ങി. ഇതിനിടെ ബാന്‍ഡ് മേളക്കാര്‍ റോഡിനു കുറുകെ നിന്ന് മേളം മുഴക്കിയത് ജീപ്പിന് മാര്‍ഗതടസ്സമായി. ഇതോടെ ജീപ്പ് നിര്‍ത്തിയശേഷം ബാന്‍ഡ് മേളക്കാരോട് മാറാന്‍ ഇതിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍  ആക്രോശിച്ചു. ബാന്‍ഡ് സംഘം മാറിയശേഷം അമിതവേഗത്തില്‍ മുന്നോട്ടെടുത്ത ജീപ്പ് നടന്നുപോവുകയായിരുന്ന തസ്നിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
 25ലേറെ വാഹനങ്ങളാണ് അനധികൃതമായി കോളജ് ഹോസ്റ്റല്‍ പരിസരത്ത് പാര്‍ക്ക് ചെയ്യുന്നത്. സംഭവം വിവാദമായതോടെ വ്യാഴാഴ്ച രാവിലെ മുതല്‍ ഹോസ്റ്റല്‍ പരിസരത്തുണ്ടായിരുന്ന  മുഴുവന്‍ വാഹനങ്ങളും മാറ്റി. നാലാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് വാഹനത്തിന്‍െറ ചുമതല. കാലങ്ങളായി ഈ രീതി തുടരുന്നു. ആയുധങ്ങളുടെ ചിത്രം പതിപ്പിച്ച രണ്ട് ജീപ്പുകള്‍,രണ്ട് വാനുകള്‍, ബൈക്കുകള്‍ എന്നിവ വാഹനങ്ങളുടെ കൂട്ടത്തിലുണ്ട്. ഇവ  ശരിയായ രേഖകളില്ലാത്തതിന് പലതവണ പൊലീസ് പിടികൂടിയിരുന്നു.
സമീപകാലത്ത് കോളജ് വിദ്യാര്‍ഥികള്‍ ഓടിച്ചുപോകവെ  ജീപ്പ് ശ്രീകാര്യം എസ്.ഐ കസ്റ്റഡിയിലെടുത്തു. രണ്ടു മാസത്തോളം വാഹനം പൊലീസ് കസ്റ്റഡിയിലായിരുന്നു . തുടര്‍ന്ന് കോടതിയെ സമീപിച്ചാണ് ജീപ്പ്  പുറത്തിറക്കിയതത്രേ. കോളജ് വിദ്യാര്‍ഥികള്‍ അപകടകരമായി വാഹനം പുറത്തിറക്കുന്നത് നാട്ടുകാര്‍ പലതവണ പൊലീസില്‍ പരാതിപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ കോളജ് അധികൃതര്‍ ഇവയെക്കുറിച്ചൊന്നും അറിയില്ളെന്ന നിലപാടാണ് എപ്പോഴും സ്വീകരിക്കാറുള്ളത്.
അപകടമുണ്ടാക്കിയ ജീപ്പ് മൂവാറ്റുപുഴ സ്വദേശി ശ്രീരാഗ് എന്നയാളുടെ പേരിലുള്ളതാണ്. നിലവില്‍ ഈ ജീപ്പിന് മതിയായ രേഖകളില്ളെന്ന് പൊലീസ് പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വാഹനങ്ങള്‍ കയറ്റരുതെന്ന് നിര്‍ദേശിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് 2003 ഫെബ്രുവരി ഒന്നിന് ഉത്തരവിറക്കിയിരുന്നു.
കോളജിന്‍െറ ഉത്തരവും ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍െറ ഉത്തരവും കാറ്റില്‍ പറത്തിയാണ് വിദ്യാര്‍ഥികള്‍ക്ക് അനധികൃതമായി വാഹനങ്ങള്‍ കാമ്പസിനകത്ത് പ്രവേശിപ്പിക്കാന്‍ മൗനാനുവാദം നല്‍കിയത്. ഘോഷയാത്രക്ക് ഉപയോഗിച്ച  ‘ചെകുത്താന്‍’ എന്ന ലോറി കാമ്പസിന് പുറത്തുള്ളയാളുടെ ഉടമസ്ഥതയിലുള്ളതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.