തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതിന് താന്‍ എതിരാണെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ്. തിരുവനന്തപുരം പ്രസ്ക്ളബിന്‍െറ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കുന്നതിനെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച വിദഗ്ധ സമിതി പഠനം നടത്തുന്നത് തന്‍െറ അറിവോടെയല്ല. മന്ത്രിയുടെ അറിവോടെയാണ് പഠനമെന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍െറ പ്രസ്താവന ശരിയല്ല. എന്നാല്‍, ഇത്തരം വിഷയങ്ങളില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൗണ്‍സിലിന് അധികാരമുണ്ടെന്ന് മന്ത്രി വ്യക്തമക്കി.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ മന്ത്രി തന്‍െറ നിലപാട് തുറന്നുപറഞ്ഞത്. തൃശൂര്‍ അതിരൂപതയുടെ അപേക്ഷ പ്രകാരമാണ് മുഖ്യമന്ത്രി പഠനത്തിന് നിര്‍ദേശം നല്‍കിയത്. പാഠപുസ്തക അച്ചടി വൈകിയതില്‍ സ്റ്റേഷനറി വകുപ്പിന് വീഴ്ചയുണ്ടായെന്ന് മന്ത്രി പറഞ്ഞു.
ഫയല്‍ ഒന്നര മാസത്തോളം അവര്‍ തീരുമാനമെടുക്കാതെ വെച്ചു. പാഠപുസ്തകങ്ങള്‍ സ്വന്തം നിലക്ക് അച്ചടിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് സംവിധാനങ്ങള്‍ വേണ്ടിവരും.സര്‍ക്കാറിന്‍െറ അവശേഷിക്കുന്ന കാലത്ത് അതിനുള്ള തുടക്കം കുറിക്കാവുന്നതാണ്.
താന്‍ എന്താണോ അല്ലാത്തത്, അതായിട്ട് തന്നെ ചിത്രീകരിക്കാന്‍ മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ബോധപൂര്‍വമായ ശ്രമമുണ്ടായി. വര്‍ഗീയവാദിയായി വരെ ചിത്രീകരിക്കാന്‍ ശ്രമിച്ചതില്‍ ഏറെ വിഷമമുണ്ട്. അറബിക് സര്‍വകലാശാല സ്ഥാപിക്കാന്‍ സച്ചാര്‍ കമീഷനും കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് പാലോളി കമ്മിറ്റിയും ശിപാര്‍ശ ചെയ്തതാണ്. ഇത് സര്‍ക്കാറിന്‍െറ പരിഗണനയില്‍ തന്നെയാണ്. എസ്.എസ്.എല്‍.സി പരീക്ഷാ ഫലപ്രഖ്യാപനത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ വകുപ്പുതലത്തില്‍ ഏതാനും ദിവസത്തിനകം നടപടി ഉണ്ടാവും. ഫലപ്രഖ്യാപനത്തില്‍ താന്‍ ധിറുതി കാണിച്ചിട്ടില്ല. അധ്യാപക സംഘടനകളുടെയും ജീവനക്കാരുടെയും യോഗത്തിലാണ് ഏപ്രില്‍ 16ന് ഫലം പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ സ്കൂളുകളില്‍ മാത്സ് ലാബ് സ്ഥാപിക്കാനുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ കുറഞ്ഞ തുക ക്വോട്ട് ചെയ്തിട്ടും സര്‍ക്കാര്‍ സ്ഥാപനമായ സിഡ്കോയെ തഴഞ്ഞ് അംഗീകാരം നഷ്ടപ്പെട്ട സ്വകാര്യ ഏജന്‍സിക്ക് കരാര്‍ ഉറപ്പിച്ചെന്ന ആക്ഷേപം പരിശോധിച്ച് നടപടിയെടുക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഗോപാലകൃഷ്ണ ഭട്ടിനെ എസ്.എസ്.എല്‍.സി പരീക്ഷാഫലപ്രഖ്യാപനത്തിലെ വീഴ്ചയില്‍ താന്‍ ശാസിച്ചെന്ന പ്രചാരണം കളവാണ്. പാഠപുസ്തകങ്ങളുടെ രണ്ടാം വാല്യം അച്ചടി സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാക്കി ഒക്ടോബറില്‍ വിതരണം ചെയ്യാനാവും.
അച്ചടി തീരാത്തവ സ്വന്തം ഉത്തരവാദിത്തത്തില്‍ നിരക്കില്‍ മാറ്റമില്ലാതെ പുറംകരാര്‍ നല്‍കി കെ.ബി.പി.എസിന് പൂര്‍ത്തിയാക്കാം. വ്യാജ യു.ഐ.ഡി ഉപയോഗിച്ച് കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച സ്കൂളുകളിലെ അധ്യാപകരെ സര്‍വിസില്‍ തിരിച്ചെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.