സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന പദ്ധതികള്‍ക്കും സംവരണം ഏര്‍പ്പെടുത്തണം -കാരാട്ട്

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന എല്ലാ പദ്ധതികളിലും സംവരണം ഏര്‍പ്പെടുത്തണമെന്ന് സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. സ്വകാര്യമേഖലയില്‍ സംവരണം, എല്ലാവര്‍ക്കും ഭൂമിയും വീടും  മെച്ചപ്പെട്ട വിദ്യാഭ്യാസ ആനുകൂല്യവും എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പട്ടികജാതി ക്ഷേമസമിതി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉദാരവത്കരണവും സ്വകാര്യവത്കരണവും നടപ്പാക്കിയശേഷം സംവരണം വെല്ലുവിളി നേരിടുകയാണ്.പൊതുമേഖലാ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലിക്കുള്ള സാധ്യത കുറയുന്നു. സ്ഥിര നിയമനത്തിനുള്ള അവസരം കുറയുന്നതോടെ  ഇവിടങ്ങളില്‍നിന്ന് പട്ടികജാതി, വര്‍ഗക്കാര്‍ അപ്രത്യക്ഷമാവുകയുമാണ്.സ്വകാര്യമേഖലയില്‍ സംവരണം നടപ്പാക്കാന്‍ നിയമം കൊണ്ടുവരികയാണ് ഇതിനുള്ള പരിഹാരം. നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നശേഷം തൊഴിലാളിവര്‍ഗത്തിന് നേരെയുള്ള കടന്നാക്രമണമാണ് നടക്കുന്നത്. കേരളത്തില്‍ എയ്ഡഡ് സ്കൂളുകളിലെ 1.90 ലക്ഷം അധ്യാപകരില്‍ 380 പേര്‍ മാത്രമാണ് പട്ടികജാതിയില്‍നിന്നുള്ളത്. ഇവിടങ്ങളില്‍  അധ്യാപക നിയമനത്തില്‍ സംവരണം പാലിക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍  നടപ്പാക്കിയിട്ടില്ല. മറ്റ് പിന്നാക്ക ജാതി വിഭാഗങ്ങള്‍ക്കും സംവരണം വേണമെന്നാണ് സി.പി.എമ്മിന്‍െറ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒപ്പം നില്‍ക്കുന്ന കെ.പി.എം.എസ് വിഭാഗങ്ങള്‍  സ്വകാര്യമേഖലയിലെ സംവരണത്തിനുവേണ്ടി സമരം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സമ്പന്നവിഭാഗം  ഈ സംഘടനകളെ ഹൈജാക് ചെയ്തിരിക്കുന്നുവെന്നാണ്  ഇത് തെളിയിക്കുന്നത്. കെ.പി.എം.എസിലെയും എസ്.എന്‍.ഡി.പിയിലെയും ഒരു വിഭാഗത്തെയും മറ്റ് സാമുദായിക നേതാക്കളെയും ആര്‍.എസ്.എസിന്‍െറ വരുതിയില്‍ നിര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ട്. ആര്‍.എസ്.എസ് എക്കാലവും സംവരണത്തിന് എതിരായിരുന്നു. സ്വകാര്യസ്കൂളുകളില്‍ സംവരണം ഏര്‍പ്പെടുത്തിയാലേ തൊഴിലില്ലായ്മക്ക് പരിഹാരമാവൂവെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.