മുഹമ്മ: നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ വൈകല്യത്തെ തോല്‍പിച്ച് വേമ്പനാട്ടുകായല്‍ കീഴടക്കി ബാബുരാജ്. റഷ്യയില്‍ നടക്കുന്ന ഭിന്നശേഷിയുള്ളവരുടെ അന്തര്‍ദേശീയ മത്സരത്തില്‍ പങ്കെടുക്കാനാണ്, എല്‍.ഐ.സി ഏജന്‍റായ ആലപ്പുഴ കൈനകരി തയ്യില്‍ വീട്ടില്‍ ബാബുരാജ് (50) സാഹസികമായി വേമ്പനാട്ടുകായല്‍ നീന്തിയത്. ഇടത് കൈക്കുള്ള പൂര്‍ണശേഷിക്കുറവ് നീന്തലിന് തടസ്സമായില്ല.
കായലിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കുമരകം കുരിശടിഭാഗത്തുനിന്നാണ് മുഹമ്മ ജെട്ടിയിലേക്ക് നീന്തിയത്തെിയത്. മൂന്നുമണിക്കൂര്‍ കൊണ്ട് 10 കിലോമീറ്റര്‍ താണ്ടിയാണ് റെക്കോഡിട്ടത്. നവംബറില്‍ റഷ്യയില്‍ നടക്കുന്ന ഐ.ഡബ്ളിയു.യു.എ.എസ് വേള്‍ഡ് ഗെയിംസില്‍ പങ്കെടുക്കുന്നതിന് നാലുലക്ഷം രൂപ ചെലവുവരും. ഇതിനുള്ള പണം സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാബുരാജ് കായല്‍ മറികടന്നത്. ദേശീയ ഗെയിംസില്‍ നാല് ഇനങ്ങളിലാണ് മത്സരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ 7.20ന് കുമരകം പഞ്ചായത്ത് പ്രസിഡന്‍റ് ധന്യാ സാബു നീന്തല്‍ ഫ്ളാഗ്ഓഫ് ചെയ്തു. മുഹമ്മയില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അലക്സ് മാത്യു അധ്യക്ഷത വഹിച്ചു. എല്‍.ഐ.സി ഡെവലപ്മെന്‍റ് ഓഫിസര്‍ എസ്.എസ്. അയ്യര്‍, സന്തോഷ് പട്ടണം, എന്‍.ടി. രാരിച്ചന്‍, ഡി. ലോനപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സമിതിയാണ് ബാബുരാജിന്‍െറ ദൗത്യത്തിന് ചുക്കാന്‍പിടിച്ചത്. ഭാര്യ ഷീബയും നീന്തല്‍ പരിശീലിക്കുന്ന മക്കളായ ഉമാശങ്കര്‍, ശിവശങ്കര്‍ എന്നിവരുടെ പിന്തുണയും ഈ 50കാരന് പ്രചോദനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.