വിഴിഞ്ഞം പദ്ധതിക്ക് ഇന്ന് കരാര്‍ ഒപ്പിടും

തിരുവനന്തപുരം: പരിസ്ഥിതി ആഘാതവും സുതാര്യതയും സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കെ നിര്‍ദിഷ്ട വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടല്‍ വിവിധോദ്ദേശ്യ തുറമുഖ പദ്ധതി സാക്ഷാത്കാരത്തിലേക്ക് ആദ്യ ചുവട്. പദ്ധതിയുടെ നിര്‍മാണ നടത്തിപ്പ് കരാറില്‍ സംസ്ഥാന സര്‍ക്കാറും അദാനി വിഴിഞ്ഞം പോര്‍ട്സ് ലിമിറ്റഡും തിങ്കളാഴ്ച ഒപ്പുവെക്കും. വൈകീട്ട് അഞ്ചിന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍  അദാനി വിഴിഞ്ഞം പോര്‍ട്സ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ സന്തോഷ് കുമാര്‍ മഹാപാത്രയും തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസും കരാറില്‍ ഒപ്പിടും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദാനി ഗ്രൂപ് ഉടമ ഗൗതം അദാനിയും സന്നിഹിതരായിരിക്കും. പദ്ധതിക്ക് എതിരല്ളെങ്കിലും കരാറിലെ സുതാര്യതക്കുറവ് ചൂണ്ടിക്കാണിച്ച് ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കാനാണ് എല്‍.ഡി.എഫിന്‍െറ തീരുമാനം. പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പശ്ചിമഘട്ട- തീരദേശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വൈകീട്ട് നാലിന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് ദര്‍ബാര്‍ ഹാളിലേക്ക് ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്. പദ്ധതിയില്‍ ആശങ്ക പ്രകടിപ്പിച്ച് സമരരംഗത്തായിരുന്ന ലത്തീന്‍ അതിരൂപത മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ വെളിച്ചത്തില്‍  ഭാവി സമരപരിപാടി ആസൂത്രണം ചെയ്യാന്‍ പാളയം സെന്‍റ് ജോസഫ്സ് മെട്രോപൊളിറ്റന്‍ കത്തീഡ്രലില്‍ തിങ്കളാഴ്ച യോഗം ചേരുന്നുണ്ട്.
കടലില്‍ 130.91 ഏക്കര്‍ നികത്തി എടുക്കുന്നതിന് പുറമെ 220.28 ഏക്കര്‍ കരഭൂമിയും (ആകെ 351.19 ഏക്കര്‍) ഏറ്റെടുത്താണ് പദ്ധതി നടപ്പാക്കുക. 7525 കോടി ചെലവ് കണക്കാക്കുന്ന പദ്ധതി പൊതു- സ്വകാര്യ പങ്കാളിത്തത്തോട് (പി.പി.പി) കൂടിയ ലാന്‍ഡ്ലോര്‍ഡ് മാതൃകയിലാണ് നടപ്പാക്കുക. 1635 കോടിയാണ് സര്‍ക്കാര്‍ മുടക്കേണ്ടത്. അദാനി മുടക്കേണ്ടത് 2454 കോടി രൂപയും. രാജ്യത്ത് വി.ജി.എഫ് അനുവദിച്ച ആദ്യ തുറമുഖ പദ്ധതിയാണിതെന്ന പ്രത്യേകതയുമുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ലാഭക്ഷമതാ ഘടകമായി (വി.ജി.എഫ്) 1635 കോടിയാണ് നല്‍കുന്നത്. പദ്ധതിക്കായി ഏറ്റെടുക്കുന്ന 351.19 ഏക്കര്‍ ഭൂമിയില്‍ 30 ശതമാനം (105 ഏക്കര്‍) പോര്‍ട്ട് എസ്റ്റേറ്റ് വികസനത്തിന് കണ്‍സഷന്‍ കരാറില്‍  വ്യവസ്ഥയുണ്ട്.
തുറമുഖ പദ്ധതി വരുന്നതോടെ കടലിലും തീരപ്രദേശത്തും ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക വിനാശത്തെ കുറിച്ചുള്ള മത്സ്യത്തൊഴിലാളികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ആശങ്ക നിലനില്‍ക്കേയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. മത്സ്യത്തൊഴിലാളി മേഖലയുടെ പുനരധിവാസത്തിനും അനുബന്ധ മേഖലകളുടെ വികസനത്തിനുമായി 220 കോടി രൂപയുടെ പ്രത്യേക പാക്കേജ് സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 2000 മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് 7.1 കോടിയായിരിക്കും അനുവദിക്കുക.  മത്സ്യബന്ധന മേഖലയുടെ ഉന്നമനത്തിനായി  കുടിവെള്ള പദ്ധതി (7.3 കോടി രൂപ), പുതിയ മത്സ്യ ബന്ധന തുറമുഖം (96 കോടി രൂപ), നിലവിലെ മത്സ്യബന്ധന തുറമുഖത്തിന്‍െറ നവീകരണം (അഞ്ച് കോടി) , സീ ഫുഡ് പാര്‍ക്ക് (നാല് കോടി), സ്കില്‍ ഡെവലപ്മെന്‍റ് സെന്‍റര്‍ (നാല് കോടി ), ശുചിത്വ പ്രവര്‍ത്തനങ്ങള്‍ (3കോടി രൂപ), ഖരമാലിന്യ സംസ്കരണം (2 കോടി രൂപ) എന്നിവ ഉള്‍പ്പെടെ 125.3 കോടിയും ചെലവിടും. ഇതിനു പുറമെ 87.6 കോടി രൂപയുടെ പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളും ലക്ഷ്യമിടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.