കണ്ണൂര്‍: ഇലത്താളങ്ങള്‍ കൂട്ടത്തോടെ മുഴങ്ങിയപ്പോള്‍ ജയറാമിന്‍െറ വലംകൈ ചെണ്ടക്കുമേല്‍ ഉയര്‍ന്ന് താഴ്ന്നു. ഒപ്പം ഒമ്പത് തടവുകാരും മേള വിദ്വാന്‍മാരെപ്പോലെ താളമുതിര്‍ത്തു. തടവറയുടെ വന്‍മതില്‍ക്കെട്ടുകള്‍ അതേറ്റുവാങ്ങി. വെള്ളിത്തിരയിലെ താരപരിവേഷമില്ലാതെ ഒന്നര മണിക്കൂറോളം മേളപ്പെരുക്കം തീര്‍ത്ത് ജയറാമും സംഘവും ജയിലകത്ത് ഉത്സവ പ്രതീതി സൃഷ്ടിച്ചു. തടവുകാരുടെ ആവശ്യം നെഞ്ചിലേറ്റിയാണ് ചലച്ചിത്ര നടന്‍ ജയറാം ഇന്നലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചെണ്ടവായിക്കാനത്തെിയത്.
പഞ്ചാരിയിലെ നാലാംകാലവും അഞ്ചാം കാലവുമാണ് ജയറാം തടവുകാര്‍ക്കൊപ്പം ചെണ്ടയില്‍ വായിച്ചത്. പത്ത് തടവുകാര്‍ ചെണ്ടയില്‍ പരിശീലനം നേടിയിരുന്നെങ്കിലും ഒമ്പതു പേരാണ് ജയറാമിനൊപ്പം മേളത്തില്‍ പങ്കെടുത്തത്. പരിശീലകരിലൊരാളായ നിധീഷ് ചിറക്കലും സംഘത്തിലുണ്ടായിരുന്നു. ജയറാം ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും ജയില്‍ ജീവനക്കാരും കുടുംബാംഗങ്ങളും ഉള്‍പ്പെടെ വലിയൊരു സദസ്സ് മേള സദ്യക്ക് സാക്ഷികളായി .
തന്‍െറ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദിവസമാണ് ഇതെന്നും തടവുകാര്‍ ഉപഹാരമായി നല്‍കിയ മുണ്ട് തനിക്ക് ഇതുവരെ കിട്ടിയതില്‍ ഏറ്റവും അമൂല്യമായ സമ്മാനമാണെന്നും ജയറാം പറഞ്ഞു. നിധീഷ് ചിറക്കല്‍, ചന്ദ്രന്‍ ചെറുതാഴം എന്നിവരാണ് തടവുകാരെ ചെണ്ട പരിശീലിപ്പിച്ചത്. ജയിലില്‍ ചെണ്ടയില്ലാത്തതിനാല്‍ വാടകക്കെടുത്തായിരുന്നു പഠനം. ജയറാമിന്‍െറ മേളക്കമ്പത്തെക്കുറിച്ച് കേട്ടറിഞ്ഞ തടവുകാരന്‍ സുകുമാരന്‍ സഹായം അഭ്യര്‍ഥിച്ച് അദ്ദേഹത്തിന് കത്തെഴുതി. ഇത് പരിഗണിച്ച് ജയറാം സുഹൃത്ത് കൂടിയായ ജയില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയുമായി ബന്ധപ്പെട്ട് തടവുകാര്‍ക്ക് ചെണ്ടകള്‍ എത്തിച്ചുകൊടുത്തു. പരിശീലനം പൂര്‍ത്തിയാക്കിയ തടവുകാര്‍ ജയറാമിനൊപ്പം മേളമെരുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് അദ്ദേഹം ജയിലിലത്തെിയത്.
മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. ശ്രീമതി ടീച്ചര്‍ എം.പി. മുഖ്യാതിഥിയായിരുന്നു എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജയില്‍ ഡി.ഐ.ജി ശിവദാസ് കെ. തൈപ്പറമ്പില്‍, ജയില്‍ ഉപദേശക സമിതിയംഗം കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍, സൂപ്രണ്ട് ഇന്‍ ചാര്‍ജ് അശോകന്‍ അരിപ്പ എന്നിവര്‍ സംസാരിച്ചു. ഡി.ജി.പി ലോക നാഥ് ബെഹ്റ സ്വാഗതവും വെല്‍ഫെയര്‍ ഓഫിസര്‍ കെ.വി. മുകേഷ് നന്ദിയും പറഞ്ഞു. തടവുകാര്‍ക്കുവേണ്ടി ജയ്സണ്‍ നന്ദി പറഞ്ഞു. തടവുകാരനായ ഉണ്ണികൃഷ്ണന്‍ സ്വയം എഴുതിയ ഗാനം ആലപിച്ചു. തടവറയിലെ മേളത്തിന് ‘ബീറ്റ്സ് ഓഫ് ഫ്രീഡം’ എന്ന് പേരിടണമെന്ന് ഡി.ജി.പി നിര്‍ദേശിച്ചു. മേളത്തില്‍ പങ്കെടുത്ത കലകാരന്‍മാരെയും പരിശീലകരെയും ജയറാം ആദരിച്ചു. ഫാന്‍സ് അസോസിയേഷന്‍ ഹോപ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍െറ സഹകരണത്തോടെ രൂപവത്കരിച്ച കാരുണ്യം എന്ന ജീവകാരുണ്യ സംഘടനയുടെ പ്രഖ്യാപനവും ജയറാം നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.