ബാര്‍ കോഴക്കേസ്: അട്ടിമറിനീക്കം കൂടുതല്‍ വ്യക്തമായെന്ന് വി.എസ്


തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാറിന്‍െറ നീക്കം കൂടുതല്‍ വ്യക്തമായെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.
 മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ രണ്ടുതവണ അറ്റോര്‍ണി ജനറലിനോട് നിയമോപദേശം തേടാന്‍ പോയതുമായി ബന്ധപ്പെട്ട് താന്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ആരു മുഖേനയാണ് അറ്റോര്‍ണി ജനറലിന് ബാര്‍കോഴയുമായി ബന്ധപ്പെട്ട വിജിലന്‍സിന്‍െറ രേഖകള്‍ കൈമാറിയതെന്ന് വെളിപ്പെടുത്തണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്.
വിജിലന്‍സിന്‍െറ സീല്‍ഡ് കവറില്‍ സൂക്ഷിക്കേണ്ട കേസ് സംബന്ധിച്ച് ആരാണ് അറ്റോര്‍ണി ജനറലിന് വിവരങ്ങള്‍ വിവരിച്ചുകൊടുത്തത്? ഇതിനെപ്പറ്റി സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. അറ്റോര്‍ണി ജനറല്‍ കേരളസര്‍ക്കാറിന്‍െറ ബാര്‍നയവുമായി  ബന്ധപ്പെട്ട കേസില്‍ ബാര്‍ ഉടമകള്‍ക്ക് വേണ്ടി ഹാജരായപ്പോള്‍ സര്‍ക്കാര്‍അഭിഭാഷകന്‍ അതിനെ എതിര്‍ത്തില്ല. മാത്രമല്ല, കേസുമായി യാതൊരു ബന്ധവുമില്ലാത്ത ടി.എന്‍. പ്രതാപന്‍ എം.എല്‍.എയെക്കൊണ്ട് ഇക്കാര്യം അപ്രസക്തമായി ഉന്നയിപ്പിക്കുകയായിരുന്നു യു.ഡി.എഫ്. ഈ അറ്റോര്‍ണി ജനറലിനോടാണ് സര്‍ക്കാര്‍ മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ നിയമോപദേശം തേടാന്‍ തുനിഞ്ഞത്.
സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായ കള്ളക്കളിയും ഗുരുതരമായ ജനവഞ്ചനയുമാണ് ഇത് തെളിയിക്കുന്നത്. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിജിലന്‍സിന്‍െറ കണ്ടത്തെലുകളും ബാറുകാര്‍ക്കുവേണ്ടി ഹാജരാകുന്ന അറ്റോര്‍ണി ജനറലിനെ മുന്‍കൂട്ടി ധരിപ്പിക്കാനായിരുന്നു ഈ ഉപദേശംതേടല്‍ എന്നു വ്യക്തമായി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.