വിഴിഞ്ഞം: ലത്തീന്‍ അതിരൂപതയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിയുമായി ബന്ധപ്പെട്ട് ലത്തീന്‍ കത്തോലിക്കാസഭ ഉന്നയിച്ച ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടി ശനിയാഴ്ച ലത്തീന്‍ അതിരൂപത നേതൃത്വവുമായി ചര്‍ച്ച നടത്തും. രാവിലെ 11ന് ക്ളിഫ്ഹൗസിലാണ് ചര്‍ച്ച. മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കാതെ പദ്ധതിയുമായി മുന്നോട്ടുപോയാല്‍ തടയുമെന്ന് സഭാനേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ സമരപരിപാടികളും അവര്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, പദ്ധതിയുടെ കരാറില്‍ തിങ്കളാഴ്ച ഒപ്പുവെക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
അതിനിടെ, പദ്ധതിയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യത്തെ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച രാവിലെ ബിഷപ് ഹൗസിലായിരുന്നു  കൂടിക്കാഴ്ച. പദ്ധതി നടപ്പാക്കുമ്പോള്‍ കിടപ്പാടവും തൊഴിലും നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ളെങ്കില്‍ ശക്തമായി പ്രതികരിക്കുമെന്ന് കേരള റിജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ യോഗം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ചീഫ് സെക്രട്ടറിയുടെ കൂടിക്കാഴ്ച. അതേസമയം ചീഫ് സെക്രട്ടറിയുടേത് സ്വകാര്യസന്ദര്‍ശനമായിരുന്നെന്നാണ് ബിഷപ്ഹൗസ് അധികൃതരുടെ വിശദീകരണം.
വന്‍കിട കപ്പലുകള്‍ വരുമ്പോള്‍ വിഴിഞ്ഞം മത്സ്യബന്ധന നിരോധിത മേഖലയാകും, കടലിന് ആഴംകൂട്ടുന്നതോടെ മത്സ്യ സമ്പത്ത് ഗണ്യമായി കുറയും തുടങ്ങിയ ആശങ്കകളാണ് ലത്തീന്‍ സഭ മുന്നോട്ടുവെക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കായുള്ള പുനരധിവാസ പദ്ധതി നടപ്പാക്കാതെ മുന്നോട്ടു പോയാല്‍ പദ്ധതി തടയുമെന്നും വ്യാഴാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ധര്‍ണയില്‍ ലത്തീന്‍ സഭ മുന്നറിയിപ്പ് നല്‍കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.