അരുവിക്കര: സി.പി.എം അവലോകനം ഇന്ന്

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം സി.പി.എം സംസ്ഥാന സമിതി വെള്ളിയാഴ്ച ചര്‍ച്ച ചെയ്യും. പാര്‍ട്ടിയുടെ അടിത്തറയായ ഈഴവ സമുദായത്തില്‍നിന്നുണ്ടായ  ചോര്‍ച്ചയാണ് തോല്‍വിക്ക് പ്രധാന കാരണമെന്ന ജില്ലാ കമ്മിറ്റിയുടെ  അവലോകന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാവും ചര്‍ച്ച. നഷ്ടമായ വോട്ടില്‍  ഒരു വിഭാഗം ബി.ജെ.പിയിലേക്കാണ് പോയതെന്നും അതു മനസ്സിലാക്കാന്‍ പാര്‍ട്ടിക്കായില്ളെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തിയിരുന്നു. ഇതു ഗൗരവമായി കാണണമെന്ന അഭിപ്രായത്തിന്മേല്‍ ചൂടേറിയ ചര്‍ച്ച നടന്നേക്കും.

അതേസമയം, 25 വര്‍ഷമായി യു.ഡി.എഫിന്‍െറ പക്കലുണ്ടായിരുന്ന മണ്ഡലമാണ് അരുവിക്കരയെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എമാരും മണ്ഡലത്തില്‍ തമ്പടിച്ചാണ് പ്രവര്‍ത്തിച്ചതെന്നും സി.പി.എം വിലയിരുത്തുന്നുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം ഒഴുക്കി, പി.സി. ജോര്‍ജിന്‍െറ അഴിമതിവിരുദ്ധ മുന്നണിയുടെ സാന്നിധ്യം ഗുണം ചെയ്തില്ല എന്നീ വിലയിരുത്തലും ജില്ലാ നേതൃത്വത്തിനുണ്ട്. ആര്‍. ബാലകൃഷ്ണപിള്ളയെ പ്രചാരണരംഗത്ത് കൊണ്ടുവന്നതിനെതിരെ സംസ്ഥാന സമിതിയില്‍ വിമര്‍ശം ഉയരാനും സാധ്യതയുണ്ട്.

എസ്.എന്‍.ഡി.പിയോഗ നേതൃത്വവും ബി.ജെ.പിയും ചേര്‍ന്ന് സംസ്ഥാനത്തെ സാമൂഹിക -രാഷ്ട്രീയരംഗം വര്‍ഗീയവത്കരിക്കാന്‍ നടത്തുന്ന നീക്കത്തിനെതിരെ ശക്തമായ പ്രചാരണം നടത്തണമെന്ന അഭിപ്രായം വ്യാഴാഴ്ച ആരംഭിച്ച സമിതി യോഗത്തില്‍ ഉയര്‍ന്നു. എസ്.എന്‍.ഡി.പി യോഗത്തിന്‍െറയും ശ്രീനാരായണ ഗുരുവിന്‍െറയും ദര്‍ശനങ്ങളില്‍ ഊന്നി സംഘ്പരിവാറിന്‍െറ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരെ പ്രചാരണം നടത്തേണ്ടതുണ്ട്. സംസ്ഥാന വ്യാപകമായി വര്‍ഗീയവിരുദ്ധ കണ്‍വെന്‍ഷനുകള്‍ നടത്തണമെന്നും നിര്‍ദേശിക്കപ്പെട്ടു. സംസ്ഥാന  സമ്മേളനത്തിനു ശേഷമുള്ള സംഘടനാ റിപ്പോര്‍ട്ടും സംസ്ഥാന സമിതി പരിഗണിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.