പി.എസ്.സി യോഗത്തില്‍ സാമ്പത്തിക പ്രതിസന്ധി ചര്‍ച്ചയായില്ല

തിരുവനന്തപുരം: പി.എസ്.സി യോഗത്തില്‍ കമീഷന്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്തില്ല. ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍െറ അസാന്നിധ്യത്തില്‍ അംഗങ്ങള്‍ വിഷയം ഉന്നയിച്ചെങ്കിലും ചെയര്‍മാന്‍ വിശദീകരിക്കുമെന്നായിരുന്നു അധ്യക്ഷത വഹിച്ച മുതിര്‍ന്ന അംഗം പി. ജമീല അറിയിച്ചത്.  ഓണ്‍ലൈന്‍ പരീക്ഷാസംവിധാനം പഠിക്കാന്‍ എത്തിയ നാല് സംസ്ഥാനങ്ങളിലെ പി.എസ്.സി ചെയര്‍മാന്‍മാരുടെ സാന്നിധ്യത്തിലായിരുന്നു തിങ്കളാഴ്ച യോഗം തുടങ്ങിയത്. ഇവരെ യോഗത്തില്‍ പരിചയപ്പെടുത്തിയശേഷം ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഇവര്‍ക്കൊപ്പം പുറത്തേക്ക് പോവുകയായിരുന്നു.
 സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കണമെന്ന് യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ചെയര്‍മാന്‍ യോഗത്തില്‍ മടങ്ങി എത്തിയശേഷം കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് അധ്യക്ഷതവഹിച്ച ജമീല അറിയിച്ചു. ഉച്ചക്ക് യോഗം പിരിയുന്നതുവരെയും ചെയര്‍മാന്‍ എത്താതിരുന്നതോടെ സാമ്പത്തിക പ്രതിസന്ധി പിന്നീട് ചര്‍ച്ചയായില്ല. 17ന് ചേരുന്ന യോഗത്തില്‍ സാമ്പത്തിക പ്രതിസന്ധി വിശദമായി ചര്‍ച്ച ചെയ്യാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനിടെ ആലപ്പുഴയില്‍ തിങ്കളാഴ്ച പി.എസ്.സി സമര്‍പ്പിച്ച ബില്ലുകള്‍ ജില്ലാ ട്രഷറിയില്‍ സ്വീകരിച്ചു.
വിവിധ ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പി.എസ്.സി ബില്ലുകള്‍ തള്ളിയതിനിടെയാണ് തിങ്കളാഴ്ച ആലപ്പുഴയില്‍ ബില്‍ സ്വീകരിച്ചത്. ഇത് സാമ്പത്തിക നിയന്ത്രണം നീങ്ങിയതിന്‍െറ സൂചനയായാണ് പി.എസ്.സി കാണുന്നത്. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ചൊവ്വാഴ്ച ബില്‍ സമര്‍പ്പിക്കാനിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.