നിക്കാഹിന് മഹറ് നെരൂദയുടെ കവിതാസമാഹാരവും വാച്ചും

നിലമ്പൂര്‍: വിഖ്യാത ചിലിയന്‍ കവി പാബ്ളോ നെരൂദയുടെ 20 പ്രണയ കവിതകളുടെ സമാഹാരവും ഒരു വാച്ചും മഹറായി നല്‍കി നടന്ന നിക്കാഹ് വേറിട്ടതായി. നിലമ്പൂര്‍ കോടതിപ്പടിയിലെ ഗ്രീന്‍ ആര്‍ട്ട് ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച രാവിലെ 11നാണ് ചടങ്ങ് നടന്നത്. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായ പി.കെ. സൈനബയുടെയും പുരോഗമന കലാസാഹിത്യ സംഘം മലപ്പുറം ജില്ലാ സെക്രട്ടറി ബഷീര്‍ ചുങ്കത്തറയുടെയും മകള്‍ പാഷിയയുടെയും ഇന്‍കം ടാക്സ് ഓഫിസറും കോഴിക്കോട് ചേളന്നൂര്‍ സ്വദേശിയുമായ കെ. അബ്ദുല്‍ ഖാദറിന്‍െറയും ഒഫ്താല്‍മോളജിസ്റ്റ് നസീമയുടെയും മകന്‍ നിഖിലിന്‍െറയും നിക്കാഹും വിവാഹ സല്‍ക്കാരവുമാണ് ശനിയാഴ്ച നടന്നത്. സ്വര്‍ണം തീരെയണിയാതെയാണ് വധുവും എം.ഫില്‍ ബിരുദധാരിയുമായ പാഷിയ ഒരുങ്ങിയത്.

നിക്കാഹിന് അത്തിക്കായ് മുഹമ്മദ് മൗലവി കാര്‍മികത്വം വഹിച്ചു. പാഷിയയുടെ മാതാപിതാക്കളുടെ വിവാഹത്തിന് കാര്‍മികത്വം വഹിച്ചതും ഇദ്ദേഹമായിരുന്നു.

അന്ന്, 1988 ഒക്ടോബര്‍ രണ്ടിന് നിലമ്പൂര്‍ കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഇ.എം.എസ് രചിച്ച സ്വാതന്ത്ര്യസമര ചരിത്രം, ഖുര്‍ആന്‍, ഭഗവത്ഗീത, ബൈബ്ള്‍ എന്നിവയാണ് മഹറായി നല്‍കിയിരുന്നത്. ശനിയാഴ്ച നടന്ന ചടങ്ങില്‍ സി.പി.എം നേതാക്കളായ പി.കെ. ശ്രീമതി ടീച്ചര്‍, കെ.കെ. ജോസഫൈന്‍, കെ.കെ. ശൈലജ, പി. സതീദേവി, ടി.കെ. ഹംസ, എ. വിജയരാഘവന്‍,  വി. ശശികുമാര്‍, അഡ്വ. സി. ശ്രീധരന്‍ നായര്‍, നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, കാനേഷ് പൂനൂര്‍, ആസാദ് വണ്ടൂര്‍, ആര്‍.കെ. മലയത്ത്, എ.പി. അഹമ്മദ്, ഡോ. മിനി പ്രസാദ്, കെ.വി. അബൂട്ടി, പ്രഫ. എം.എം. നാരായണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.