രജിസ്ട്രാര്‍ നിയമനം: കാര്‍ഷിക സര്‍വകലാശാല യോഗത്തില്‍ നാടകീയ രംഗങ്ങള്‍

തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയിലെ രജിസ്ട്രാര്‍ നിയമനത്തെച്ചൊല്ലി വ്യാഴാഴ്ച ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ നാടകീയ രംഗങ്ങള്‍. വിജ്ഞാന വ്യാപന വിഭാഗം മേധാവിയുടെ ചുമതലയുള്ള ഡോ. പി.വി. ബാലചന്ദ്രന് രജിസ്ട്രാറുടെ കൂടി ചുമതല വേണ്ടെന്നും മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രം മേധാവി ഡോ. പി.ബി. പുഷ്പലതയെ രജിസ്ട്രാറാക്കണമെന്നും എം.പി. വിന്‍സെന്‍റ് എം.എല്‍.എ ആവശ്യപ്പെട്ടു. ഭരണസമിതിയിലെ യു.ഡി.എഫ് അംഗങ്ങള്‍ ഇതിനെ അനുകൂലിച്ചപ്പോള്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍ വിയോജനക്കുറിപ്പെഴുതി. യോഗത്തില്‍നിന്ന് ബാലചന്ദ്രന്‍ ഇറങ്ങിപ്പോവുകയും ചെയ്തു. യോഗം അവസാനിച്ചതിന് പിന്നാലെ ബാലചന്ദ്രനെ രജിസ്ട്രാറുടെ ചുമതലയില്‍നിന്ന് നീക്കരുതെന്നാവശ്യപ്പെട്ട് പ്രോ ചാന്‍സലറായ കൃഷിമന്ത്രി കെ.പി. മോഹനന്‍െറ ഓഫിസില്‍നിന്ന് വി.സിക്ക് ഫാക്സ് സന്ദേശമത്തെി. ഇതോടെ, സര്‍വകലാശാല ഭരണസമിതിയുടെ അധികാരത്തില്‍ കൃഷിമന്ത്രി അനാവശ്യമായി ഇടപെട്ടുവെന്ന് ആക്ഷേപം ഉയര്‍ന്നു. ഭരണസമിതി തീരുമാനമനുസരിച്ച് രജിസ്ട്രാറുടെ ചുമതല ഡോ. പി.ബി. പുഷ്പലതക്ക് കൈമാറിക്കൊണ്ട് ഉത്തരവ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എ ഉള്‍പ്പെടെ നാല് യു.ഡി.എഫ് പ്രതിനിധികള്‍ വ്യാഴാഴ്ച രാത്രി വൈകിയും സര്‍വകലാശാലയില്‍ കുത്തിയിരുന്നു.
ഉയര്‍ന്ന തസ്തികകളില്‍ ആര്‍ക്ക് ചുമതല നല്‍കണമെന്ന് തീരുമാനിക്കാനുള്ള അധികാരം ഭരണസമിതിക്കാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലചന്ദ്രനെ നീക്കാന്‍  എം.എല്‍.എ ആവശ്യപ്പെട്ടത്. ബാലചന്ദ്രന്‍ കുറെക്കാലമായി വിജ്ഞാന വ്യാപന വിഭാഗം മേധാവിയുടെയും രജിസ്ട്രാറുടെയും ചുമതല വഹിക്കുകയായിരുന്നു. അടുത്തിടെ വിജ്ഞാന വ്യാപന വിഭാഗത്തിന്‍െറ ചുമതല, വിരമിക്കാന്‍ 10 ദിവസം മാത്രമുള്ളയാള്‍ക്ക് നല്‍കി. ഇദ്ദേഹം വിരമിച്ചതിനു പിന്നാലെ മൂന്നുമാസം മാത്രം സര്‍വീസുള്ളയാള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചെങ്കിലും ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. ഇതോടെ ബാലചന്ദ്രന്‍ തന്നെ ചുമതല വഹിക്കുകയായിരുന്നു. ഇദ്ദേഹത്തിന് കൃഷിമന്ത്രിയുടെ പിന്തുണയുമുണ്ട്.
ഡോ. പുഷ്പലതക്ക് ചുമതല നല്‍കണമെന്ന എം.എല്‍.എയുടെ ആവശ്യത്തെ കെ.എ. ഷീബ, അജി ഫ്രാന്‍സിസ്, പി.എ. സലാം, ഡോ. ജോസ് ജോസഫ് തുടങ്ങിയ യു.ഡി.എഫ് പ്രതിനിധികള്‍ അനുകൂലിച്ചു. കൃഷിമന്ത്രിയുടെ പാര്‍ട്ടിയുടെ പ്രതിനിധിയാണ് അജി ഫ്രാന്‍സിസ്. ഭരണസമിതി അംഗമായ ധനകാര്യ സ്പെഷല്‍ സെക്രട്ടറി ഇ.കെ. പ്രകാശ് തര്‍ക്കത്തില്‍നിന്ന് വിട്ടുനിന്നപ്പോള്‍ വി.സി, ബാലചന്ദ്രനെ മാറ്റാനാവില്ളെന്ന നിലപാടെടുക്കുകയും വിയോജിപ്പ് രേഖപ്പെടുത്തുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് കൃഷിമന്ത്രിയുടെ ഓഫിസില്‍നിന്ന് നിര്‍ദേശമത്തെിയത്. ഇതോടെ വിഷയം മുഖ്യമന്ത്രിയും കൃഷിമന്ത്രിയും ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്ന അവസ്ഥയിലേക്ക് നീങ്ങി. അതേസമയം, ഭരണസമിതിയിലെ ഒരു വിഭാഗത്തിന്‍െറ നിക്ഷിപ്ത താല്‍പര്യങ്ങളാണ് പുറത്താക്കലിന് പിന്നിലെന്ന് കാര്‍ഷിക സര്‍വകലാശാല എംപ്ളോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി. ഷിറാസ് പ്രസ്താവനയില്‍ പറഞ്ഞു. മുമ്പും ഇദ്ദേഹത്തെ നീക്കാന്‍ ശ്രമം നടന്നെങ്കിലും കൃഷിമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പിന്തുണയോടെ തുടരുകയായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.