കൊല്ലം: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ലൈംഗികാതിക്രമത്തിന് ഇരയായത് 3000ഓളം കുട്ടികള്‍. ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമപ്രകാരം (പോസ്കോ ആക്ട്) സംസ്ഥാനത്ത് 2013 ജനുവരി മുതല്‍ കഴിഞ്ഞ മേയ് വരെ 2923 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ബോധവത്കരണങ്ങളും മറ്റും സജീവമായി നടക്കുന്നെന്ന് വിവിധ വകുപ്പുകള്‍ അവകാശപ്പെടുമ്പോഴും ഓരോ വര്‍ഷം കഴിയുന്തോറും കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ലൈംഗികാതിക്രമങ്ങളില്‍നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന പോസ്കോ ആക്റ്റ് പ്രാബല്യത്തില്‍ വന്നിട്ടും പീഡനത്തിനിരയാവുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നത് ബോധവത്കരണങ്ങള്‍ പരാജയപ്പെടുന്നത് കൊണ്ടാണെന്ന് വിലയിരുത്തപ്പെടുന്നു.
2013ല്‍ സംസ്ഥാനത്ത് 1002 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2014ല്‍ അത് 1380 ആയി വര്‍ധിച്ചു. 2015 മേയ് വരെ 541 കുട്ടികളാണ് പീഡനത്തിനിരയായത്. ജില്ല തിരിച്ചുള്ള കണക്കില്‍ കൂടുതല്‍ കുട്ടികള്‍ ലൈംഗിക പീഡനത്തിരയാകുന്നത് മലപ്പുറത്താണ്. 2013 ജനുവരി മുതല്‍ 2015 മേയ് വരെ 263 കുട്ടികളാണ് ഇരയായത്. കൊച്ചിയില്‍ ഈ കാലയളവില്‍ 104 കുട്ടികളാണ് ഇരയായത്. എന്നാല്‍, ചെറിയ നഗരമായ കൊല്ലത്ത് ഇക്കാലയളവില്‍ 150 പേരാണ് അതിക്രമങ്ങള്‍ക്ക് ഇരയായത്.
തിരുവനന്തപുരം ^120, തൃശൂര്‍ ^86, കോഴിക്കോട് ^92 എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളിലെ കണക്ക്. എന്നാല്‍, പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സംഭവങ്ങളുടെ എണ്ണംകൂടി പരിഗണിക്കുമ്പോള്‍ ഇരകളുടെ എണ്ണം ഭീമമായി വര്‍ധിക്കും. സ്കൂളുകളില്‍ ഉള്‍പ്പെടെ നടക്കുന്ന പീഡനങ്ങള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നതുള്‍പ്പെടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ലൈംഗിക കുറ്റകൃത്യങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് പോസ്കോ ആക്ട് പ്രകാരം ഒരു വര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.