ഇ-ബീറ്റ് പദ്ധതിയില്‍ 1.87 കോടിയുടെ അഴിമതി; അന്വേഷണം ക്രൈംബ്രാഞ്ചിന്

2011-12ല്‍ പൊലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നടന്ന പദ്ധതിയിലാണ് അഴിമതി കണ്ടത്തെിയത്
തിരുവനന്തപുരം: സംസ്ഥാന പൊലീസ് നവീകരണത്തിന്‍െറ ഭാഗമായി നടപ്പാക്കിയ ഇലക്ട്രോണിക് ബീറ്റ് പദ്ധതിയില്‍ (ഇ-ബീറ്റ്) നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും.
 1.87 കോടി രൂപയുടെ അഴിമതി നടന്നതായാണ് കണ്ടത്തെല്‍. പദ്ധതിക്കായി സ്ഥാപിച്ച ഉപകരണങ്ങള്‍ ഉപയോഗയോഗ്യമല്ളെന്ന് മോഡണൈസേഷന്‍ എ.ഡി.ജി.പി ഡോ. ബി. സന്ധ്യ സംസ്ഥാന പൊലീസ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2011-12ല്‍ പൊലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നടന്ന പദ്ധതിയിലാണ് അഴിമതി കണ്ടത്തെിയത്. ഇത് ഗൗരവമായി കാണേണ്ട വിഷയമാണെന്ന നിഗമനത്തിലാണ് ഡി.ജി.പി ടി.പി. സെന്‍കുമാര്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
 ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ആനന്തകൃഷ്ണന്‍ എസ്.പി അക്ബറിന് അന്വേഷണച്ചുമതല കൈമാറി.
ബീറ്റ് കേന്ദ്രങ്ങളില്‍ പൊലീസുകാര്‍ എത്തുന്നെന്ന് ഉറപ്പാക്കാന്‍ പുസ്തകങ്ങള്‍ ഒഴിവാക്കി ഇലക്ട്രോണിക് സംവിധാനം ഏര്‍പ്പെടുത്തുന്ന പദ്ധതിയാണ് ഇ-ബീറ്റ്. സംസ്ഥാനത്തെ ഏഴ് പൊലീസ് ജില്ലകളിലായി തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ സമ്പ്രദായം ഏര്‍പ്പെടുത്താനുള്ള പദ്ധതിക്ക് 1.87 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. പദ്ധതി നടപ്പാക്കാന്‍ ബംഗളൂരു ആസ്ഥാനമായ വൈഫിനിറ്റി ടെക്നോളജി എന്ന സ്ഥാപനത്തിന് കരാര്‍ നല്‍കി. 650 ആര്‍.എഫ്.ഐ.ഡി റീഡേര്‍സും 7450 ടാഗുകളും സ്ഥാപിക്കുന്നതിനൊപ്പം പദ്ധതിക്കുള്ള സോഫ്റ്റ്വെയര്‍ കൂടി നല്‍കണമെന്നായിരുന്നു വ്യവസ്ഥ.
പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മതിയായ പരിശീലനം നല്‍കണമെന്നും കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍, കരാര്‍ ഒപ്പുവെച്ച് രണ്ട് വര്‍ഷമായിട്ടും പദ്ധതി പൂര്‍ത്തീകരിക്കപ്പെട്ടില്ല.
ചിലയിടങ്ങളിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. പൊലീസുകാര്‍ക്ക് പരിശീലനംപോലും നല്‍കാത്ത കമ്പനി ഇപ്പോള്‍ അടച്ചുപൂട്ടിയെന്നും എ.ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.