വിഴിഞ്ഞം: തീരദേശ മേഖലക്ക് ആശങ്ക വേണ്ട, ആരുമായും ചര്‍ച്ചക്ക് തയാര്‍ -മുഖ്യമന്ത്രി


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വികസവുമായി ബന്ധപ്പെട്ട് തീരദേശ മേഖലക്ക് ആശങ്ക വേണ്ടെന്നും ഇക്കാര്യത്തില്‍ ആരുമായും ചര്‍ച്ചക്ക് തയാറാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍വരാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ പരിഗണിക്കും.
 മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി 128.40 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളി പട്ടയാവകാശ കണ്‍വെന്‍ഷന്‍ ഡി.സി.സി ഓഫിസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുലിമുട്ട് യാഥാര്‍ഥ്യമാകുന്നതോടെ മറുഭാഗത്ത്  ശക്തമായ തിരമാലകളുണ്ടാകുമെന്നും  മത്സ്യത്തൊഴിലാളികള്‍  വസിക്കുന്ന കരഭാഗം കടലെടുക്കുമെന്നുമുള്ള ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇതു തടയുന്നതിന് കരുതല്‍ നടപടി സ്വീകരിക്കും. ഭൗമശാസ്ത്ര പഠനകേന്ദ്രം മേഖലയില്‍  തുടര്‍പഠനം നടത്തും. മത്സ്യത്തൊഴിലാളികള്‍ക്ക് പട്ടയം അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. ആവശ്യമെങ്കില്‍ റീസര്‍വേയും നടത്തും. സി.ആര്‍.ഇസഡ് നിയമത്തിന്‍െറ പേരില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വീട് പണിയുന്നതിനോ അറ്റകുറ്റപ്പണിക്കോ തടസ്സമുണ്ടാകരുത്. കടലാക്രമണം തടയുന്നതിന് കേന്ദ്ര സര്‍ക്കാറില്‍നിന്ന് കാര്യമായ സഹായങ്ങളൊന്നും ലഭിക്കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ രേഖകളില്‍ കടലാക്രമണം പ്രകൃതിദുരന്തങ്ങളില്‍പെടുന്നില്ല. കടല്‍ത്തീരം സംരക്ഷിക്കാന്‍ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക പാക്കേജ് തയാറാക്കുന്നത് ഉചിതമായിരിക്കുമെന്ന് അധ്യക്ഷതവഹിച്ച കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.