നിയമന ഇന്‍റര്‍വ്യൂ ക്രമക്കേട്: കാലിക്കറ്റ് സിന്‍ഡിക്കേറ്റ് യോഗം റദ്ദാക്കി



കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല അസിസ്റ്റന്‍റ്, പ്യൂണ്‍/വാച്ച്മാന്‍ തസ്തികകളിലേക്കുള്ള നിയമന ഇന്‍റര്‍വ്യൂവില്‍ ക്രമക്കേട് നടന്നെന്ന വൈസ് ചാന്‍സലറുടെ വെളിപ്പെടുത്തലിന്‍െറ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന സിന്‍ഡിക്കേറ്റ് യോഗം റദ്ദാക്കി. റാങ്ക് പട്ടികയില്‍ താന്‍ ഒപ്പിടില്ളെന്നും സിന്‍ഡിക്കേറ്റ് യോഗം വേണമെങ്കില്‍ പട്ടിക അംഗീകരിച്ചോട്ടെയെന്നുമുള്ള നിലപാട് വി.സി ഡോ.എം. അബ്ദുസ്സലാം ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് യോഗംതന്നെ വേണ്ടെന്നുവെച്ചത്.
350ഓളം അസിസ്റ്റന്‍റ് തസ്തികയിലേക്കും 194 പ്യൂണ്‍/വാച്ച്മാന്‍ തസ്തികയിലേക്കുമുള്ള നിയമനത്തിന് മുന്നോടിയായി നടന്ന ഇന്‍റര്‍വ്യൂവില്‍ വന്‍ തിരിമറി നടന്നെന്ന് ‘മാധ്യമ’ത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് നിയമനാധികാരികൂടിയായ വി.സി വെളിപ്പെടുത്തിയത്. ഇതോടെ റാങ്ക് പട്ടിക അംഗീകരിക്കേണ്ട സിന്‍ഡിക്കേറ്റ് യോഗവുമായി മുന്നോട്ടുപോകുന്നത് ഉചിതമല്ളെന്ന് ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. വി.സിയുടെ നിലപാട് യോഗത്തെ കലുഷിതമാക്കാന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ടായി. ഇതോടെയാണ് യോഗംതന്നെ റദ്ദാക്കിയത്. വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുസ്സലാമിന്‍െറ കാലാവധി ഈമാസം 11ന് അവസാനിക്കാനിരിക്കേ അദ്ദേഹം അധ്യക്ഷനായുള്ള അവസാന സിന്‍ഡിക്കേറ്റ് യോഗമായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്. വി.സിയുടെ വെളിപ്പെടുത്തലോടെ നിയമനംതന്നെ അനിശ്ചിതത്വത്തിലാണ്. ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്തം വി.സിയുടെ ചുമതലയുള്ള ആളിനായിരിക്കും.
 ഇന്‍റവ്യൂവില്‍ മികച്ചപ്രകടനം കാഴ്ചവെച്ച ഉദ്യോഗാര്‍ഥികള്‍ക്ക് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ താന്‍ 18 മാര്‍ക്ക് വരെ നല്‍കിയപ്പോള്‍ ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍ ഇവര്‍ക്ക് അഞ്ചും ആറും മാര്‍ക്കാണ് നല്‍കിയതെന്നും മോശംപ്രകടനം കാഴ്ചവെച്ചവര്‍ക്ക് താന്‍ കുറഞ്ഞ മാര്‍ക്ക് നല്‍കിയപ്പോള്‍ മറ്റ് അംഗങ്ങള്‍ പരമാവധി മാര്‍ക്ക് നല്‍കിയെന്നുമായിരുന്നു വി.സി ‘മാധ്യമ’ത്തോട് വെളിപ്പെടുത്തിയത്. ഇത് മെറിറ്റ് അട്ടിമറിച്ചെന്നായിരുന്നു അദ്ദേഹത്തിന്‍െറ ആരോപണം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.