ഐ.എന്‍.എല്‍ നേതാക്കള്‍ കാന്തപുരവുമായി ചര്‍ച്ചനടത്തി


കോഴിക്കോട്: ഐ.എന്‍.എല്‍ സംസ്ഥാന നേതാക്കള്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുമായി ചര്‍ച്ചനടത്തി. തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ആനുകാലിക രാഷ്ട്രീയ ചര്‍ച്ചക്കായാണ് കാന്തപുരത്തെ കണ്ടതെന്ന് ഐ.എന്‍.എല്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ബുധനാഴ്ച വൈകീട്ട് നാലിന് കാരന്തൂര്‍ മര്‍ക്കസില്‍ നടന്ന കൂടിക്കാഴ്ചയില്‍ സംസ്ഥാന പ്രസിഡന്‍റ് എസ്.എ. പുതിയവളപ്പില്‍, ജന. സെക്രട്ടറി പ്രഫ. എ.പി.എ. വഹാബ്, ട്രഷറര്‍ ബി. ഹംസ ഹാജി, മറ്റ് ഭാരവാഹികളായ കെ.പി. ഇസ്മാഈല്‍, എന്‍.കെ. അസീസ്, ബഷീര്‍ ബഡേരി, നാസര്‍ കോയ തങ്ങള്‍ എന്നിവരാണുണ്ടായിരുന്നത്.
ഇടത് സ്വതന്ത്ര എം.എല്‍.എമാരായ കെ.ടി. ജലീലും പി.ടി.എ. റഹീമും രണ്ടുദിവസം മുമ്പ്  കാന്തപുരത്തെ കണ്ടിരുന്നു. സി.പി.എമ്മിന്‍െറയും എല്‍.ഡി.എഫിന്‍െറയും മുതിര്‍ന്ന നേതാക്കള്‍ കാന്തപുരവുമായി കൂടിക്കാഴ്ച നടത്താനിരിക്കെ ഐ.എന്‍.എല്‍ നേതാക്കളുടെ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. പഞ്ചായത്ത് നഗരസഭാ തെരഞ്ഞെടുപ്പിന് മുമ്പായി മുന്നണി പ്രവേശം യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യവുമായി ഐ.എന്‍.എല്‍ നേതാക്കള്‍ കഴിഞ്ഞ ദിവസം ഇടതുമുന്നണി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഐ.എന്‍.എല്‍ നേതാക്കളുടേത് സൗഹൃദസന്ദര്‍ശനമാണെന്നും രാഷ്ട്രീയകാര്യങ്ങളില്‍ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ളെന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.