വയനാട്ടില്‍ ശ്രീചിത്തിര സെന്‍റര്‍: ഭൂമി സൗജന്യമായി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍


ന്യൂഡല്‍ഹി: വയനാട്ടില്‍ ശ്രീചിത്തിര മെഡിക്കല്‍ സെന്‍റര്‍ ശാഖ തുടങ്ങാനുള്ള ശ്രമങ്ങളില്‍ പുതിയ ചുവട്. ഭൂമി സൗജന്യമായി വിട്ടുകൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സന്നദ്ധത അറിയിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങുന്നതിന്‍െറ തുടര്‍നടപടി ചര്‍ച്ചചെയ്യുന്നതിന് അടുത്ത മാസം രണ്ടാം വാരം യോഗം ചേരും. ആരോഗ്യ സെക്രട്ടറി, ശാസ്ത്ര-സാങ്കേതിക മന്ത്രാലയ അധികൃതര്‍, സംസ്ഥാന ചീഫ് സെക്രട്ടറി, എം.ഐ. ഷാനവാസ് എം.പി, ശ്രീചിത്തിര മെഡിക്കല്‍ സെന്‍റര്‍ ഡയറക്ടര്‍, ഭരണസമിതി അംഗങ്ങളായ ജോയ് ഏബ്രഹാം എം.പി, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി എന്നിവരെ പങ്കെടുപ്പിച്ചാണ് യോഗം.
കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.പിമാരായ എം.ഐ. ഷാനവാസ്, ജോയ് ഏബ്രഹാം എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. 75 ഏക്കര്‍ ഭൂമി വിട്ടുകൊടുക്കാമെന്ന വാഗ്ദാനമാണ് മുഖ്യമന്ത്രി നല്‍കിയത്. ശ്രീ ചിത്തിര മെഡിക്കല്‍ സെന്‍ററിന്‍െറ ഹൃദ്രോഹ വിഭാഗം, ഓങ്കോളജി, ന്യൂറോളജി വിഭാഗങ്ങള്‍ വയനാട്ടിലെ കേന്ദ്രത്തില്‍ തുടങ്ങാന്‍ സാധിക്കുമെന്ന് ചര്‍ച്ചയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു.
വയനാട്ടില്‍ കണ്ടുവരുന്ന അപൂര്‍വ രോഗങ്ങളെക്കുറിച്ചും അരിവാള്‍ രോഗം, കുരങ്ങുപനി തുടങ്ങിയവയെക്കുറിച്ചും രാജ്യാന്തര നിലവാരമുള്ള ഗവേഷണങ്ങള്‍ക്കും സെന്‍റര്‍ വഴി സാധിക്കും. 25 ഏക്കറില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍െറ ഗവേഷണ കേന്ദ്രം തുടങ്ങും. 10 കിടക്കകളുള്ള ആശുപത്രി സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കും. ഇത് കേന്ദ്ര സഹായത്തോടെ പിന്നീട് വിപുലീകരിക്കുന്നതടക്കമുള്ള കാര്യങ്ങളും ചര്‍ച്ചയായി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.