നിവേദിതയുടെ റിപ്പോര്‍ട്ട് കുപ്പത്തൊട്ടിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമി പതിച്ചുനല്‍കുന്ന ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതോടെ മുന്‍ ചീഫ് സെക്രട്ടറി നിവേദിത പി.ഹരന്‍െറ റിപ്പോര്‍ട്ടും കുപ്പത്തൊട്ടിയിലേക്ക്. ഇടുക്കിയിലെ അഞ്ചുനാട്ടില്‍ ഭൂമാഫിയ നടത്തിയ വന്‍തോതിലുള്ള കൈയേറ്റത്തിന് തടയിടാനാണ് സര്‍ക്കാര്‍ നിവേദിതയെ അന്വേഷണത്തിന് നിയോഗിച്ചത്. അവരുടെ അന്വേഷണറിപ്പോര്‍ട്ട് നടുക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നത്. കുറിഞ്ഞിസങ്കേതത്തില്‍പോലും വന്‍തോതില്‍ വനഭൂമി കൈയേറിയിട്ടുണ്ടെന്ന് കണ്ടത്തെി. മാത്രമല്ല, പൊതുഭൂമിയില്‍ നടത്തിയിരിക്കുന്ന കൈയേറ്റങ്ങളെല്ലാം ഒഴിപ്പിക്കണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തു. മന്ത്രിസഭ നിവേദിതയുടെ റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍, തൊട്ടുപിന്നാലെയാണ് സംസ്ഥാനത്തെ ഭൂമി പതിച്ചുനല്‍കുന്ന ചട്ടങ്ങള്‍ 1964 ഭേദഗതി വരുത്തിയത്. കേരള ഭൂമിപതിച്ചുനല്‍കല്‍ ചട്ടങ്ങള്‍ 1964വും പ്രത്യേക ചട്ടം 1993വും അനുസരിച്ച് നിവേദിത കൈയേറ്റക്കാര്‍ക്കെതിരെ നല്‍കിയ റിപ്പോര്‍ട്ടിന്‍െറ നിയമസാധുത ഇതോടെ ചോദ്യംചെയ്യപ്പെടും.
 കൈയേറ്റക്കാര്‍ റവന്യൂ, വനം ഉദ്യോഗസ്ഥരെ പാട്ടിലാക്കി ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൈയേറിയത്. പശ്ചിമഘട്ടത്തിന്‍െറ മലനിരകളും പ്രകൃതിയും അഞ്ചുനാടിന്‍െറ ചോലവനങ്ങളും നീരുറവകളും പാരിസ്ഥിതിക ദുര്‍ബല പ്രദേശവും കൈയേറിയവയില്‍പെടും. നിവേദിത റിപ്പോര്‍ട്ട് നല്‍കിയ ശേഷം മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ വട്ടവട, കൊട്ടക്കമ്പൂര്‍ വില്ളേജുകളിലെ ഭൂരേഖകള്‍ പിടിച്ചെടുത്തതില്‍ രൂക്ഷവിമര്‍ശംനടത്തിയത് ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രനാണ്. വനംവകുപ്പിന്‍െറ നിലവിലുള്ള ജണ്ടക്ക് പുറത്തുള്ള ഭൂമിക്ക് പട്ടയം നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്‍െറ ആവശ്യം.
 എന്നാല്‍ ഇടുക്കി ജില്ലാകലക്ടര്‍ ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിനാല്‍ അംഗീകരിക്കപ്പെട്ടില്ല. നിലവിലുളള ജണ്ടകള്‍ അടിസ്ഥാനമാക്കാന്‍ കഴിയില്ളെന്ന് ദേവികുളം സബ്കലക്ടര്‍ ചൂണ്ടിക്കാണിച്ചു. വട്ടവട പഞ്ചായത്തിലെ കടവരിയില്‍ ഭൂരഹിതരായ 99 തമിഴ് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ പട്ടയം കുടിയേറ്റക്കാര്‍ സ്വന്തമാക്കിയ സംഭവത്തില്‍ ഇപ്പോഴത്തെ പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍ അന്വേഷണം നടത്തിയിരുന്നു.
കെ.എം. മാണി റവന്യൂമന്ത്രിയായിരുന്നപ്പോള്‍ 1993-94 കാലത്ത്  82 ഏക്കര്‍ഭൂമിക്ക് കടവരിയില്‍ പട്ടയം നല്‍കിയപ്പോള്‍ പിന്നീട്  മന്ത്രിയായ കെ.ഇ. ഇസ്മാഈല്‍ 256 ഏക്കര്‍ഭൂമിക്ക് 1997-98 കാലത്ത് പട്ടയം നല്‍കിയെന്ന് സെന്‍കുമാര്‍ കണ്ടത്തെി. റവന്യൂമന്ത്രിമാര്‍ കക്ഷിഭേദം മറന്ന് ഇടുക്കിയിലെ കൈയേറ്റത്തില്‍ ഒറ്റക്കെട്ടാണെന്നും സെന്‍കുമാര്‍ റിപ്പോര്‍ട്ടില്‍ കുറിച്ചിട്ടു. വട്ടവട കൈയേറ്റത്തിന്‍െറ കേസ് ഇപ്പോള്‍ ഹൈകോടതിയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.