നിയമസഭയിലെ സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിനെന്ന് പൊലീസ് ഹൈകോടതിയില്‍



കൊച്ചി: ബജറ്റ് അവതരണവേളയില്‍ നിയമസഭയിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതായി പൊലീസ് ഹൈകോടതിയെ അറിയിച്ചു. നിയമസഭാ സെക്രട്ടറി പി.ഡി. ശാര്‍ങ്ഗധരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് മാര്‍ച്ച് 17ന് ക്രൈംബ്രാഞ്ചിന് കൈമാറിയതായും പുതിയ കേസ് നമ്പറിട്ട് അന്വേഷണം നടക്കുന്നതായും തിരുവനന്തപുരം കണ്‍ഡോണ്‍മെന്‍റ് അസി. കമീഷണര്‍ വി. സുരേഷ്കുമാര്‍ ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. നിയമസഭയിലുണ്ടായ സംഭവങ്ങളുടെ അന്വേഷണത്തില്‍ ഹൈകോടതി മേല്‍നോട്ടം വഹിക്കണമെന്നും നഷ്ടം ബന്ധപ്പെട്ട എം.എല്‍.എമാരില്‍നിന്ന്  ഈടാക്കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ പി.ഡി. ജോസഫ് നല്‍കിയ ഹരജിയിലാണ് വിശദീകരണം.
നിയമസഭയിലെ സംഭവവുമായി ബന്ധപ്പെട്ട് തിരിച്ചറിഞ്ഞ ആറ് എം.എല്‍.എമാരെ പ്രതിയാക്കിയാണ് ആദ്യം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ കേസിന്‍െറ ഗൗരവം കണക്കിലെടുത്ത് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ക്രൈംബ്രാഞ്ച് എസ്.പിയുടെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍െറ നേതൃത്വത്തിലെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. സ്പീക്കറുടെ ഡയസില്‍ നടന്ന അനിഷ്ടസംഭവങ്ങളില്‍ അഞ്ചുലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. നിയമസഭക്കകത്തും പുറത്തുമുണ്ടായ അക്രമ സംഭവങ്ങളില്‍ പൊലീസ് സമയോചിത നടപടിയെടുത്തിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
പൊലീസിന്‍െറ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ല. ചില കേസുകളില്‍ കുറ്റപത്രം നല്‍കി. ചിലതില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം പൂര്‍ത്തിയാകുന്ന മുറക്ക് മറ്റ് നടപടി സ്വീകരിക്കും.  വ്യക്തിപരമായും സര്‍ക്കാറിനുമുണ്ടായ നഷ്ടങ്ങളുടെ കാര്യത്തിലും വ്യക്തമായ കണക്കുകളും മറ്റും ലഭിക്കുന്ന മുറക്ക് ഉത്തരവാദികളായവരില്‍നിന്ന് ഈടാക്കി നല്‍കാന്‍ നടപടിയെടുക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് എതിര്‍സത്യവാങ്മൂലം നല്‍കാനായി കേസ് ആഗസ്റ്റ് 17ന് പരിഗണിക്കാനായി മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.