ന്യൂഡല്‍ഹി: ഡല്‍ഹി കേരള ഹൗസ് വളപ്പിലുള്ള കൊച്ചിന്‍ ഹൗസ് പുതുമോടിയോടെ തുറന്നതിനൊപ്പം, അതിന്‍െറ ഭീമമായ ചെലവ് വിവാദത്തില്‍. ഒരു വര്‍ഷംകൊണ്ട് 1.83 കോടി രൂപ ചെലവില്‍ കൊച്ചിന്‍ ഹൗസ് പുതുക്കിപ്പണിയാനായിരുന്നു എസ്റ്റിമേറ്റ്. എന്നാല്‍, രണ്ടുവര്‍ഷം നീണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ചെലവ് എട്ടു കോടി.
നിര്‍മാണം വൈകുന്നതിനൊത്ത് എസ്റ്റിമേറ്റില്‍ ആനുപാതിക വര്‍ധനയുണ്ടാകാറുണ്ട്. എന്നാല്‍, രണ്ടു കോടിയില്‍ താഴെ മാത്രം വരുന്ന എസ്റ്റിമേറ്റ് ഒറ്റ വര്‍ഷംകൊണ്ട് നാലിരട്ടി വര്‍ധിക്കുന്നത് അസാധാരണമാണ്. പ്രാഥമിക എസ്റ്റിമേറ്റുമായി താരതമ്യം ചെയ്യാന്‍ കഴിയാത്ത വര്‍ധനയാണ് വരുത്തിയത്. ഖജനാവില്‍നിന്ന് ചെലവായ തുകക്കൊത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൊച്ചിന്‍ ഹൗസില്‍ നടന്നിട്ടില്ളെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
1056 ചതുരശ്ര മീറ്ററിലാണ് നവീകരിച്ച കെട്ടിടം. ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും താമസിക്കാനുള്ള ആഡംബര മുറികളടക്കം എട്ടു മുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള കൊട്ടാരമെന്ന നിലയിലാണ് കൊച്ചിന്‍ ഹൗസ് നവീകരിച്ചത്. 40 പേര്‍ക്കിരിക്കാവുന്ന മീഡിയ ഹാളും സജ്ജീകരിച്ചിട്ടുണ്ട്. നവീകരിച്ച കൊച്ചിന്‍ ഹൗസ് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്‍െറ അധ്യക്ഷതയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി ഷിബു ബേബി ജോണ്‍, എം.പിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊച്ചിന്‍ ഹൗസിനു പിന്നാലെ വന്‍കിട പുതുക്കിപ്പണിയല്‍ പദ്ധതികളിലേക്ക് കേരള ഹൗസ് കടക്കുകയാണ്. കേരള ഹൗസിന്‍െറ പ്രധാന മന്ദിരം, ട്രാവന്‍കൂര്‍ പാലസ്, കപൂര്‍ത്തല പ്ളോട്ട് എന്നിവിടങ്ങളിലാണ് കോടികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ പോവുന്നത്. ട്രാവന്‍കൂര്‍ പാലസ് പൈതൃക മന്ദിരമായി നവീകരിക്കും. നവംബര്‍ ഒന്നിന് പണി തുടങ്ങും. 200 പേര്‍ക്ക് താമസിക്കാവുന്ന ഡോര്‍മിറ്ററി, 80 സ്റ്റാഫ് ക്വാര്‍ട്ടേഴ്സുകള്‍, ഓഫിസ് സമുച്ചയം എന്നിവയാണ് കപൂര്‍ത്തല പ്ളോട്ടില്‍ ഉദ്ദേശിക്കുന്നത്.
കൊച്ചിന്‍ ഹൗസില്‍ പ്രവര്‍ത്തിച്ചിരുന്ന വിവിധ ഓഫിസുകള്‍ ഇപ്പോള്‍ ട്രാവന്‍കൂര്‍ പാലസിലാണ് പ്രവര്‍ത്തിക്കുന്നത്. അത് നവീകരിക്കാന്‍ പോകുന്ന സാഹചര്യത്തില്‍ ഓഫിസ് സൗകര്യങ്ങള്‍ കൂടുതല്‍ ചുരുങ്ങും. ട്രാവന്‍കൂര്‍ പാലസ് പുനരുദ്ധാരണ ജോലിയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കപൂര്‍ത്തല പ്ളോട്ടിലെ 40 കോടി രൂപയുടെ വികസന പദ്ധതിക്ക് മന്ത്രിസഭ ഉടന്‍ അനുമതി നല്‍കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.