ചീഫ് എന്‍ജിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്ത നടപടി നിയമപരം -ആഭ്യന്തര സെക്രട്ടറി

തിരുവനന്തപുരം: പൊതുമരാമത്ത്, ജലവിഭവവകുപ്പ് ചീഫ് എന്‍ജിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്ത  നടപടിയില്‍ അസ്വാഭാവികമായി ഒന്നുമില്ളെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ. 1994ലെ പൊതുഭരണവകുപ്പ് ഉത്തരവ് ആധാരമാക്കി, നിയമപരമായാണ് നടപടി കൈക്കൊണ്ടത്. ബന്ധപ്പെട്ട മന്ത്രിമാരെ അറിയിച്ചില്ളെന്ന ആരോപണത്തോട് പ്രതികരിക്കാനില്ല. വിജിലന്‍സ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ നടപടി കൈക്കൊള്ളാന്‍ ആഭ്യന്തരവകുപ്പിന് അധികാരമുണ്ടെന്നും ആരോപണങ്ങളില്‍ കഴമ്പില്ളെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെഴുതിയ കുറിപ്പില്‍ അവര്‍ വ്യക്തമാക്കിയതായാണ് സൂചന. പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് ഉള്‍പ്പെടെ ഘടകകക്ഷി മന്ത്രിമാര്‍ പ്രതിഷേധം അറിയിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിശദീകരണം തേടിയത്. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ ഉള്‍പ്പെടെ പ്രമുഖരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് വിശദീകരണക്കുറിപ്പ് തയാറാക്കിയത്. ചൊവ്വാഴ്ച വിജിലന്‍സ് ഡയറക്ടര്‍  ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈമാറിയതിനുശേഷമായിരിക്കും നളിനിനെറ്റോ കുറിപ്പ് മുഖ്യമന്ത്രിക്ക് നല്‍കുക. വിജിലന്‍സ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന കേസുകളില്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളാത്തത് അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതായ ആക്ഷേപം ശക്തമാണ്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ചവറ്റുകൊട്ടയില്‍ തള്ളുന്നതിനെതിരെ മുന്‍ വിജിലന്‍സ് എ.ഡി.ജി.പി ജേക്കബ് തോമസ് ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ പരസ്യമായി രംഗത്തുവന്നിരുന്നു. വകുപ്പിന് ദുഷ്പേരുണ്ടാക്കുന്ന നടപടി അംഗീകരിക്കാനാകില്ളെന്നായിരുന്നു അദ്ദേഹത്തിന്‍െറ നിലപാട്. ചില റിപ്പോര്‍ട്ടുകളില്‍ നടപടിയെടുക്കാത്തത് കോടതിയുടെ വിമര്‍ശത്തിനുമിടയാക്കി. ഈ സാഹചര്യത്തില്‍, തീരുമാനം പിന്‍വലിക്കേണ്ടെന്ന് വിജിലന്‍സ് ഡയറക്ടറും ആഭ്യന്തര സെക്രട്ടറിയെ ധരിപ്പിച്ചതായാണ് സൂചന.
സ്വന്തം ലേഖകന്‍
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.