കാലി കടത്തിന് കേന്ദ്രം കടിഞ്ഞാണിടുന്നു


 തൃശൂര്‍: കാലികളെ അതിര്‍ത്തികളില്‍ തടഞ്ഞ് തട്ടിക്കൊണ്ടു പോകുന്നുവെന്ന ആക്ഷേപം പുകയുന്നതിനിടെ കന്നുകാലികളെ വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രത്തിന്‍െറ പുതിയ നിയമ ഭേദഗതി. സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍- 2015 എന്നു പേരിട്ട ഭേദഗതി കഴിഞ്ഞമാസം എട്ടിന് കേന്ദ്ര സര്‍ക്കാര്‍ ഗസറ്റിലൂടെ വിജ്ഞാപനം ചെയ്തു.
ഇതുപ്രകാരം കാലികളെ കൊണ്ടുപോകാന്‍ പ്രത്യേക വാഹനങ്ങള്‍ വേണം. പ്രത്യേക ലൈസന്‍സും ആവശ്യമാണ്. 2016 ജനുവരിയില്‍ ഭേദഗതി പ്രാബല്യത്തിലാവും. ഭേദഗതി എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. കാലികളെ വില്‍പനക്ക് കൊണ്ടുപോകുന്നതിലെ ക്രൂരത തടയാനുള്ള കര്‍ശന നടപടികള്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കന്നുകാലികള്‍ക്ക് ഓരോന്നിനും വാഹനങ്ങളില്‍ നല്‍കേണ്ട സ്ഥലത്തെക്കുറിച്ച് പറയുണ്ട്. ഇതനുസരിച്ച് പശു, കാള എന്നിവക്ക് ഓരോന്നിനും രണ്ട് ചതുരശ്ര മീറ്റര്‍ സ്ഥലം വേണം. കുതിരക്ക് 2.25 ചതുരശ്ര മീറ്ററും ആടിന് 0.3 ചതുരശ്ര മീറ്ററും പന്നിക്ക് 0.6 ചതുരശ്ര മീറ്ററും അനുദിക്കണം. കോഴിക്ക് ഓരോന്നിനും 40 സ്ക്വയര്‍ സെ. മീറ്റര്‍ സ്ഥലമാണ് വേണ്ടത്.
1988ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് സെക്ഷന്‍ 110 പ്രകാരമാണ് പരിഷ്കാരം ഏര്‍പ്പെടുത്തിയതെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. കന്നുകാലികളെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ അവക്ക് നല്‍കാനുള്ള വെള്ളവും തീറ്റയും സൂക്ഷിക്കാന്‍ പ്രത്യേക  സൗകര്യം ഏര്‍പ്പെടുത്തണമെന്നും വിജ്ഞാപനത്തിലുണ്ട്. മറ്റുള്ള വസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങളിലും കുത്തിനിറച്ചും പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ കാലികളെ കൊണ്ടുപോകാന്‍ കഴിയില്ല. ഇതിനായി സ്പെഷല്‍ ലൈസന്‍സ് നല്‍കേണ്ട ചുമതല അതത് സംസ്ഥാനങ്ങളിലെ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ക്കാണ്. വാഹനങ്ങള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് നിഷ്കര്‍ഷിച്ച നിബന്ധനകള്‍ പാലിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ലൈസന്‍സ് ലഭിക്കൂ. ഇത്തരം സൗകര്യങ്ങളുണ്ടെന്ന രേഖയുടെ പകര്‍പ്പും വാഹനങ്ങളില്‍ സൂക്ഷിക്കേണ്ടതുണ്ട്.

കാലികളെ തടയല്‍ കുത്തകകള്‍ക്കുവേണ്ടി^ വ്യാപാരി വ്യവസായി സമിതി
കൊച്ചി: മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന കാലികളെ വഴിയില്‍ തടയുന്ന മത-വര്‍ഗീയ സംഘടനകളുടെ നടപടി അപലപനീയമാണെന്നും ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ നടപടിയെടുക്കണമെന്നും വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്‍റ് ബിന്നി ഇമ്മട്ടിയും സെക്രട്ടറി ഇ.എസ്. ബിജുവും ആവശ്യപ്പെട്ടു.
വന്‍കിട ഇറച്ചി വ്യാപാരികളുടെയും കോര്‍പറേറ്റ് കുത്തകകളുടെയും താല്‍പര്യം സംരക്ഷിക്കാനും സഹായിക്കാനുമുള്ള അജണ്ടയുടെ ഭാഗമാണ് തടയല്‍ സമരം. വഴിതടയുന്ന കാലികളെ ഗോശാലകളില്‍ പാര്‍പ്പിച്ച് വന്‍ വിലയ്ക്ക് വന്‍കിട ഇറച്ചിക്കടക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും വില്‍ക്കുകയാണ്.  ബ്രാന്‍ഡ് പേരില്‍ ഇറച്ചി പാക്കറ്റിലാണ് കേരളത്തിലത്തെിക്കുന്നത്. ഇറച്ചിക്ക് കൃത്രിമ ക്ഷാമം സൃഷ്ടിക്കാനും വന്‍കിടക്കാര്‍ക്ക് ലാഭം കൊയ്യാനും ഒരുക്കുന്ന രഹസ്യ അജണ്ടയാണ് ആര്‍.എസ്.എസ്-വി.എച്ച്.പി സംഘടനകള്‍ നടപ്പാക്കുന്നത്. പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.