കടകംപള്ളി, കളമശ്ശേരി ഭൂമി തട്ടിപ്പ്: എ.ജി ഓഫിസിന്‍െറ ഇടപെടല്‍ അന്വേഷിക്കണമെന്ന് തട്ടിപ്പിനിരയായവര്‍

കൊച്ചി: കടകംപള്ളി, കളമശ്ശേരി ഭൂമി തട്ടിപ്പുകേസുകളില്‍ അഡ്വക്കറ്റ് ജനറല്‍ ഓഫിസ് വഴിവിട്ട ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും തട്ടിപ്പിനിരയായവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇരുകേസുകളിലുമായി പ്രതികള്‍ക്ക് വഴിവിട്ട സഹായം ലഭിക്കാന്‍ എ.ജി ഓഫിസ് നിരന്തരം ഇടപെട്ടെന്നും തെളിവുസഹിതം നിയമനടപടി സ്വീകരിക്കാന്‍ ആലോചിക്കുന്നതായും പരാതിക്കാര്‍ പറഞ്ഞു.

കളമശ്ശേരി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് അടക്കമുള്ളവരുടെ ഫോണ്‍ വിവരം നല്‍കാന്‍ കഴിയില്ളെന്ന് ഹൈകോടതിയില്‍ ഹാജരായി വാദിച്ചത് അഡ്വക്കറ്റ് ജനറലാണ്. ഫോണ്‍വിവരം പിടിച്ചെടുക്കാനുള്ള സിംഗ്ള്‍ ബെഞ്ച് ഉത്തരവിനെതിരെ പ്രത്യേക അനുമതി വാങ്ങിയാണ് എ.ജി. ഡിവിഷന്‍ ബെഞ്ചില്‍ ഹാജരായി സ്റ്റേ സമ്പാദിച്ചത്. വ്യക്തി സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന വിചിത്രവാദം ഉന്നയിച്ചും ഫോണ്‍ കമ്പനികളെ കക്ഷിയാക്കിയില്ളെന്ന് ചൂണ്ടിക്കാട്ടിയും സ്റ്റേ ഉറപ്പിച്ചതോടെ സലിം രാജിനെതിരെ ലഭിക്കാമായിരുന്ന തെളിവ് നഷ്ടമാക്കിയെന്ന് പരാതിക്കാരായ എ.കെ. നാസര്‍, എ.കെ. നൗഷാദ് എന്നിവര്‍ ആരോപിച്ചു.

കടകംപള്ളി കേസില്‍ കലക്ടറുടെ റിപ്പോര്‍ട്ടിന് വിരുദ്ധമായി പ്രതികളെ സഹായിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഈ അഭിഭാഷകനെതിരെ വ്യാജരേഖ സമര്‍പ്പിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിന് നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. കേസില്‍ സലിംരാജിനും കൂട്ടാളികള്‍ക്കും വേണ്ടി പരാതിക്കാരെ പ്രതികളാക്കുംവിധം ഇടപെട്ടത് സര്‍ക്കാര്‍ അഭിഭാഷകനാണ്. ഇതും എ.ജി ഓഫിസിന്‍െറ അറിവോടെയാണ്്. കടകംപള്ളിയിലെ ഭൂമിയുടെ കരമടക്കാന്‍ അവസരമൊരുക്കണമെന്ന പരാതിക്കാരുടെ ആവശ്യത്തില്‍ എ.ജി ഓഫിസില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കലക്ടര്‍ക്ക് കരം അടക്കാന്‍ അനുമതി നല്‍കാനാവില്ളെന്ന മറുപടിയാണ് നല്‍കിയത്. ഈ ഭൂമി സംബന്ധിച്ച് കേസുകള്‍ നിലവിലുണ്ടെന്നായിരുന്നു എ.ജി ഓഫിസ് നല്‍കിയ മറുപടി.

എന്നാല്‍, ഇതേ ഭൂമിയില്‍ വന്‍കിട റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് കരമടക്കാന്‍ അവസരമൊരുക്കിയതും എ.ജി ഓഫിസ് ഇടപെട്ടാണെന്ന് ഇരകള്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കടകംപള്ളി കേസിലെ പരാതിക്കാരായ എസ്. ബാലുസുബ്രഹ്മണ്യന്‍, എസ്. കിഷോര്‍ എന്നിവരും പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.