ഒരു കിലോ ഹഷീഷുമായി യുവാവ് പിടിയില്‍


കോഴിക്കോട്: അന്താരാഷ്ട്ര വിപണിയില്‍ 10 ലക്ഷം രൂപ വിലവരുന്ന ഒരു കിലോ ഹഷീഷുമായി വില്‍പനക്കാരനെ പൊലീസ് പിടികൂടി. മലപ്പുറം കോട്ടക്കല്‍ സ്വദേശി സിദ്ദീഖാണ് (40) മെഡിക്കല്‍ കോളജ് പൊലീസിന്‍െറ പിടിയിലായത്. തിങ്കളാഴ്ച വൈകീട്ട് മെഡിക്കല്‍ കോളജ് കാമ്പസ് പരിസരത്തുനിന്നാണ് ഇയാള പിടികൂടിയത്. ജില്ലയില്‍ കഞ്ചാവും മയക്കുമരുന്നുകളും വില്‍പന നടത്തുന്നതിന് നേതൃത്വം നല്‍കുന്ന പ്രധാനിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. ജില്ലയിലെ എന്‍ജിനീയറിങ് കോളജുകള്‍, പോളിടെക്നിക്കുകള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് വില്‍പന. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. നോര്‍ത് അസിസ്റ്റന്‍റ് കമീഷണര്‍ ജോഷി ചെറിയാന് ലഭിച്ച രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ രണ്ടാഴ്ചയായി പൊലീസ് ഇയാളെ നിരീക്ഷിച്ചു വരുകയായിരുന്നു. സിറ്റി സൈബര്‍ സെല്ലിന്‍െറ സഹായത്തോടെയാണ് സദ്ദീഖിനെ അറസ്റ്റ് ചെയ്തത്.
മെഡിക്കല്‍ കോളജ് സി.ഐ ജലീല്‍ തോട്ടത്തിലിന്‍െറ നേതൃത്വത്തില്‍ എ.എസ്.ഐ ജഗജീവന്‍, സി.പി.ഒമാരായ രണ്‍ധീര്‍, ടി.ജി. രാമകൃഷ്ണന്‍, കെ. അബ്ദുറഹിമാന്‍, മുഹമ്മദ് ഷാഫി, വി. മനോജ്, ഷൈബു എന്നിവരുള്‍പ്പെടുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതിയെ വടകര നാര്‍കോട്ടിക് കോടതിയില്‍നിന്ന് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.