ഇന്‍റര്‍വ്യൂ ക്രമക്കേട് കാലിക്കറ്റ് വി.സി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ അസിസ്റ്റന്‍റ്, പ്യൂണ്‍-വാച്ച്മാന്‍ നിയമന ഇന്‍റര്‍വ്യൂവില്‍ നടന്ന ക്രമക്കേട് സംബന്ധിച്ച് വി.സി ഡോ. എം. അബ്ദുസ്സലാം ചാന്‍സലറായ ഗവര്‍ണര്‍ പി. സദാശിവവുമായി ചര്‍ച്ച നടത്തി. രാജ്ഭവനില്‍ അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയിലാണ് ഇന്‍റര്‍വ്യൂ തിരിമറിയും ചര്‍ച്ചയായത്. ക്രമക്കേട് നടന്നുവെന്ന് ബോധ്യപ്പെട്ടതിനാല്‍ നിയമനപ്രക്രിയക്ക് അംഗീകാരം നല്‍കില്ളെന്ന് വി.സി ഗവര്‍ണര്‍ക്കു മുമ്പിലും ആവര്‍ത്തിച്ചു.
ആഗസ്റ്റ് 11ന് സ്ഥാനമൊഴിയുന്നതിന്‍െറ മുന്നോടിയായാണ് വി.സി രാജ്ഭവനിലത്തെിയത്. നാലുവര്‍ഷത്തെ ഒൗദ്യോഗിക കാര്യങ്ങള്‍ പങ്കുവെക്കുന്നതിനിടെയാണ് അസിസ്റ്റന്‍റ്, പ്യൂണ്‍-വാച്ച്മാന്‍ നിയമന ഇന്‍റര്‍വ്യൂ വിഷയം ചര്‍ച്ചക്കു വന്നത്. വി.സിയെന്ന നിലക്ക് അനുഭവിക്കുന്ന സമ്മര്‍ദങ്ങളുടെ തുടര്‍ച്ചയാണിതെന്ന് അദ്ദേഹം ഗവര്‍ണറെ ബോധ്യപ്പെടുത്തി. അതിനിടെ, അസിസ്റ്റന്‍റ്, പ്യൂണ്‍-വാച്ച്മാന്‍ നിയമന ഇന്‍റര്‍വ്യൂ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിരവധി പരാതികളും പോയിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ. ടി.കെ. നാരായണനും ഇടത് ജീവനക്കാരുടെ സംഘടന എംപ്ളോയീസ് യൂനിയന്‍ ഭാരവാഹികളുമാണ് പരാതി അയച്ചത്. നിയമനത്തില്‍ ക്രമക്കേട് നടന്നുവെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ വൈസ് ചാന്‍സലര്‍ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ നിയമന പ്രക്രിയ റദ്ദാക്കണമെന്നാണ് ആവശ്യം. കോഴ ആരോപണം വ്യക്തമായതിനാല്‍ സമഗ്ര അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വി.സിയുടെ വെളിപ്പെടുത്തലുമായി ഇറങ്ങിയ ‘മാധ്യമ’ത്തിന്‍െറ പകര്‍പ്പ് സഹിതമാണ് ഗവര്‍ണര്‍ക്ക് പരാതി അയച്ചത്. നിയമനം റദ്ദാക്കാനായി കോടതിയെ സമീപിക്കുമെന്നും ഇടത് സംഘടനകള്‍ പറഞ്ഞു.
വി.സിയുടെ വെളിപ്പെടുത്തലോടെ അസിസ്റ്റന്‍റ്, പ്യൂണ്‍-വാച്ച്മാന്‍ നിയമനവും അനിശ്ചിതത്വത്തിലായി. എഴുത്തുപരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് നേടിയവര്‍ക്ക് ഇന്‍റര്‍വ്യൂവില്‍ പരമാവധി മാര്‍ക്ക് നല്‍കി നിയമനം അട്ടിമറിച്ചുവെന്ന് വ്യക്തമാക്കുന്ന, വി.സിയുടെ അഭിമുഖമാണ് കഴിഞ്ഞ ദിവസം മാധ്യമം പ്രസിദ്ധീകരിച്ചത്.
എഴുത്തുപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ പോലും ഇന്‍റര്‍വ്യൂവില്‍ തഴയപ്പെട്ടുവെന്നും അഭിമുഖത്തില്‍ സൂചിപ്പിച്ചു. ഇന്‍റര്‍വ്യൂ ബോര്‍ഡിലെ സിന്‍ഡിക്കേറ്റംഗങ്ങളെ ലക്ഷ്യമിട്ടാണ് വി.സിയുടെ ആരോപണം. ആഗസ്റ്റ് ആറിന് നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് നിയമനപ്രക്രിയക്ക് അംഗീകാരം നല്‍കുന്ന അജണ്ട ചര്‍ച്ചക്ക് വരുന്നത്. വിഷയം എതിര്‍ക്കുമെന്ന് ഇടത് സിന്‍ഡിക്കേറ്റംഗങ്ങള്‍ പറഞ്ഞു. 350ഓളം അസിസ്റ്റന്‍റുമാരെയും 194 പ്യൂണ്‍-വാച്ച്മാന്മാരെയും നിയമിക്കുന്നതിനുള്ള ഇന്‍റര്‍വ്യൂവാണ് പൂര്‍ത്തിയായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.