1.10 കോടി കറന്‍സിയും മൂന്നുകിലോ സ്വര്‍ണവും പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍




ഇരിട്ടി: രേഖകളില്ലാതെ മൈസൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് കാറില്‍ കടത്തി കൊണ്ടുപോവുകയായിരുന്ന ഒരുകോടി പത്ത് ലക്ഷം രൂപയും മൂന്നുകിലോ സ്വര്‍ണ ബിസ്കറ്റും ഇരിട്ടിയില്‍ പൊലീസ് പിടികൂടി. കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സാംഗ്ളി സ്വദേശികളായ ഡ്രൈവര്‍ മന്‍സൂര്‍ (26), കിരണ്‍ വസന്ത് (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരിട്ടി ഡിവൈ.എസ്.പി പി. സുകുമാരന്‍െറ നിര്‍ദേശ പ്രകാരം പൊലീസ് ഇരിട്ടിക്കടുത്ത പയഞ്ചേരി മുക്കില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കാര്‍ ശ്രദ്ധയില്‍പെട്ടത്. കൈ കാണിച്ചു നിര്‍ത്തി ഡ്രൈവറെ പരിശോധിച്ചപ്പോള്‍ അരയില്‍ ബെല്‍റ്റില്‍ ഒളിപ്പിച്ചുവെച്ച ഒരുകിലോ വരുന്ന മൂന്ന് സ്വര്‍ണ ബിസ്കറ്റുകള്‍ കണ്ടത്തെി. തുടര്‍ന്ന് കാര്‍ വിശദമായി പരിശോധന നടത്തിയപ്പോഴാണ് കാറിന്‍െറ പിന്‍സീറ്റിനോട് ചേര്‍ന്ന് പ്രത്യേക അറയില്‍ ബാഗില്‍ ഒളിപ്പിച്ചുവെച്ച1000 രൂപയുടെയും 500 രൂപയുടെയും നോട്ടുകെട്ടുകള്‍ കണ്ടത്തെിയത്. തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. മൂന്നുവര്‍ഷമായി കിരണ്‍ വസന്ത് കണ്ണൂരില്‍ കുടുംബ സമേതം താമസക്കാരനാണ്. ഇയാള്‍ക്ക് സ്വര്‍ണം പൂശുന്ന ജോലിയാണ്. പണവും സ്വര്‍ണവും കണ്ണൂര്‍, വടകര, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് കൊടുക്കുന്നതിനായി കൊണ്ടു വന്നതാണെന്ന് ഇരുവരും പറഞ്ഞതായി പൊലീസ് അറിയിച്ചു.
കര്‍ണാടകയില്‍ നിന്ന് പുറപ്പെട്ട കാര്‍ മാക്കൂട്ടം, കിളിയന്തറ തുടങ്ങിയ നിരവധി ചെക്പോസ്റ്റുകള്‍ കടന്ന് ഇരിട്ടിയിലത്തെിയപ്പോഴാണ് പിടിയിലായത്. പിടിയിലായവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. വാഹന പരിശോധനക്ക് ഇരിട്ടി സി.ഐ വി.വി. മനോജ്, എസ്.ഐ സുധീര്‍, ഫ്ളയിങ് സ്ക്വാഡ് എസ്.ഐ സുധാകരന്‍, പൊലീസുകാരായ രമേശ് ബാബു, ജോഷി, ഡ്രൈവര്‍ ഉദയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. പിടിയിലായവരെ ബുധനാഴ്ച മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.