അഞ്ജനയുടെ ജീവന്‍ തുടിപ്പില്‍ അനിന്‍രാജ് ജീവിതത്തിലേക്ക്

തിരുവനന്തപുരം: മൂന്നുവയസ്സുകാരി അഞ്ജന  നല്‍കിയ ജീവന്‍െറ തുടിപ്പില്‍ അനിന്‍രാജ് ജീവിതത്തിലേക്ക് നടന്നടുക്കുന്നു. മസ്തിഷ്ക മരണത്തിന് കീഴടങ്ങിയ അഞ്ജനയുടെ കരളും വൃക്കകളും സ്വീകരിച്ച് കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അനിന്‍രാജിന്‍െറ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വൃക്കകളുടെ പ്രവര്‍ത്തനം സാധാരണനിലയിലായിട്ടുണ്ട്. പുറത്തേക്ക് പോകുന്ന യൂറിന്‍െറ അളവ് തൃപ്തികരമാണ്.  ചൊവ്വാഴ്ച വൈകീട്ടോടെ മാത്രമേ കരളിന്‍െറ പ്രവര്‍ത്തനം സംബന്ധിച്ച് കൂടുതല്‍ സ്ഥിരീകരണം ഉണ്ടാകൂ.  ഇതുവരെയുള്ള നിരീക്ഷണപ്രകാരം കുട്ടിയുടെ ആരോഗ്യനില ഏറക്കുറെ തൃപ്തികരമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
കരകുളം ഏണിക്കര നിലവൂര്‍തട്ടം ചോതി ഭവനില്‍ അജിത്തിന്‍െറ മകള്‍ അഞ്ജനയുടെ അവയവങ്ങളാണ് വെള്ളറട കിളിയൂര്‍ സ്വദേശി അനിയന്‍െറ മകന്‍ അനിന്‍രാജിന്  നല്‍കിയത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് കഴിഞ്ഞ വ്യാഴാഴ്ച എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ജനക്ക് ശനിയാഴ്ചയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. കിഡ്നിയും കരളും തകരാറിലായ അനിന്‍രാജ് കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അഞ്ജനയുടെ മാതാപിതാക്കള്‍ അവയവദാനത്തിന് സമ്മതം നല്‍കിയതിനെതുടര്‍ന്ന് ഞായറാഴ്ച രാവിലെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.