പ്രവാസി പ്രശ്ന പരിഹാരത്തിന് എന്‍.ആര്‍.ഐ കമീഷന്‍ ഉടന്‍ –മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശമലയാളികള്‍ക്ക് കേരളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്‍.ആര്‍.ഐ കമീഷന്‍ രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അമേരിക്കന്‍ മലയാളി സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കാസിന്‍െറ (ഫോമ) ആഭിമുഖ്യത്തില്‍ നടന്ന ഡോ. എ.പി.ജെ. അബ്ദുല്‍ കലാം അനുസ്മരണവും കേരള കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശമലയാളികളുടെ സ്വത്ത് തര്‍ക്കവും ബന്ധുക്കള്‍ നേരിടുന്ന പ്രശ്നങ്ങളും ഉള്‍പ്പെടെ പരാതികള്‍ സര്‍ക്കാറിന് ലഭിക്കുന്നുണ്ട്. ഇവ പരിഹരിക്കാന്‍ എന്‍.ആര്‍.ഐ കമീഷന്‍ സഹായകമാകും. ഇതിനുള്ള നിയമനിര്‍മാണ നടപടികള്‍ ഉടന്‍ തുടങ്ങും.
കേരളീയരുടെ മാനസികാവസ്ഥയില്‍ മാറ്റംവരുത്താനായി എന്നതാണ് പ്രവാസികള്‍ നല്‍കിയ വലിയ സംഭാവന. ഇതര സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും വികസനവും സാമ്പത്തിക പുരോഗതിയും തൊഴിലവസരങ്ങളും വേണമെന്ന മനോഭാവം കേരളീയര്‍ക്കും വന്നുതുടങ്ങി. അടുത്ത നിയമസഭാ തെരഞ്ഞടുപ്പുമുതല്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിങ് ഏര്‍പ്പെടുത്താനാകും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നടപ്പാക്കാനാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, സമയക്കുറവ് മൂലം ഈ ആവശ്യം തെരഞ്ഞെടുപ്പ് കമീഷന്‍ നിരാകരിക്കുകയായിരുന്നു.
ഒരു ലക്ഷം കോടി രൂപയുടെ വിദേശപണമാണ് പ്രവാസികള്‍ വഴി കേരളത്തിലേക്ക് എത്തുന്നതെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ഫോമയുടെ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി ആര്‍.സി.സിയില്‍ പുതിയ ബ്ളോക് നിര്‍മിക്കാനുള്ള ആദ്യഗഡു 25,000 ഡോളര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ മന്ത്രി വി.എസ്. ശിവകുമാറിന് കൈമാറി.
ഫോമ പ്രസിഡന്‍റ് ആനന്ദന്‍ നിറവേല്‍ അധ്യക്ഷത വഹിച്ചു. രാജു അബ്രഹാം എം.എല്‍.എ, മുന്‍ അംബാസഡറും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ടി.പി. ശ്രീനിവാസന്‍, സി.കെ.ടി.ഐ പ്രസിഡന്‍റ്  ഇ.എം. നജീബ്, കെ.ടി.ഡി.സി ചെയര്‍മാന്‍ വിജയന്‍ തോമസ്, ചലച്ചിത്രനടന്‍ നരേന്‍, ജെസി കുര്യന്‍, ബീനാ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.