വധശിക്ഷ നിരോധിക്കാന്‍ സി.പി.ഐ പ്രമേയം

ന്യൂഡല്‍ഹി: വധശിക്ഷ നിരോധിച്ച് നിയമനിര്‍മാണം നടത്തണമെന്ന പ്രമേയവുമായി സി.പി.ഐ രാജ്യസഭയില്‍. സി.പി.ഐ എം.പി ഡി. രാജയുടെ പ്രമേയാവതരണത്തിന് അനുമതി ലഭിച്ചെങ്കിലും  ബഹളം മൂലം രാജ്യസഭ സ്തംഭിച്ചതിനാല്‍ അവതരിപ്പിക്കാനായില്ല. നിയമംമൂലം നിരോധിക്കുന്നതുവരെ മുഴുവന്‍ വധശിക്ഷകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും പ്രമേയത്തിലുണ്ട്.
ഇന്ത്യയില്‍ വധശിക്ഷ നടപ്പാക്കുന്നതില്‍ ജാതീയവും മതപരവുമായ പക്ഷപാതമുണ്ടെന്നും ഭീകരവാദ കേസുകളില്‍ വധശിക്ഷ ലഭിച്ച 94 ശതമാനം പേരും ദലിതുകളും മതന്യൂനപക്ഷങ്ങളുമാണെന്നും രാജയുടെ പ്രമേയത്തില്‍ പറയുന്നു.
പിന്നാക്ക-പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ക്കെതിരെയാണ് വധശിക്ഷ ആനുപാതികമല്ലാത്ത തരത്തില്‍ ഉപയോഗിക്കുന്നത് എന്ന് നാഷനല്‍ ലോ യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നതായി പ്രമേയത്തില്‍ പറയുന്നു.
മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം വധശിക്ഷ നിരോധത്തെ പിന്തുണച്ചിരുന്നു. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവരാണ് വധശിക്ഷക്ക് വിധിക്കപ്പെടുന്നവര്‍ എന്നതിനാല്‍ ദയാഹരജികളുടെ കാര്യത്തില്‍ കടുത്ത വേദന അനുഭവിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. വധശിക്ഷകളില്‍ പലതിലും പിഴവുപറ്റിയ കാര്യം സുപ്രീംകോടതിയും പല തവണ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലുള്ള സമ്പ്രദായത്തില്‍ നിരവധി അപാകതകളുള്ളതിനാല്‍ ദേശീയ നിയമകമീഷന്‍ ചെയര്‍മാന്‍ എ.പി ഷായും വധശിക്ഷ പുനഃപരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.  വധശിക്ഷ നിരോധിക്കണമെന്ന ഐക്യരാഷ്ട്രസഭാ പ്രമേയത്തെ ബഹുഭൂരിഭാഗം അംഗരാജ്യങ്ങളും അനുകൂലിച്ചപ്പോള്‍ ഇന്ത്യയും ഏതാനും രാജ്യങ്ങളും മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തതെന്നും പ്രമേയത്തിലുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.