ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം യു.ഡി.എഫിന് തലവേദനയാകുന്നു

തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സംബന്ധിച്ച തര്‍ക്കം യു.ഡി.എഫിന് തലവേദനയാകുന്നു. സ്ഥാനം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും അര്‍ഹത ചൂണ്ടിക്കാട്ടി ആര്‍.എസ്.പിയും അരയുംതലയും മുറുക്കി രംഗത്തിറങ്ങിയതോടെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകാതെ മുന്നണി നേതൃത്വം കുഴങ്ങുന്നു.
ജി. കാര്‍ത്തികേയന്‍െറ മരണത്തെതുടര്‍ന്ന് ഒഴിവുവന്ന സ്പീക്കര്‍ സ്ഥാനത്തേക്ക് എന്‍. ശക്തന്‍ നിയമിതനായതോടെയാണ് അദ്ദേഹം വഹിച്ചിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്ത് ഒഴിവുണ്ടായത്. മാസങ്ങളായി തുടരുന്ന ഒഴിവ് വ്യാഴാഴ്ച അവസാനിച്ച നിയമസഭാ സമ്മേളനകാലത്ത് നികത്തുമെന്നാണ് പൊതുവെ പ്രതീക്ഷിച്ചിരുന്നത്. ഇക്കാര്യത്തില്‍ ഉചിത തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ മുന്നണി നേതൃത്വം ചുമതലപ്പെടുത്തി. എന്നാല്‍, കോണ്‍ഗ്രസിനുള്ളിലും കോണ്‍ഗ്രസും ആര്‍.എസ്.പിയും തമ്മിലുമുള്ള അവകാശത്തര്‍ക്കം കാരണം തീരുമാനമെടുക്കാന്‍ കഴിയാതെവന്നു.
എ ഗ്രൂപ്പുകാരനായ ശക്തന്‍ സ്പീക്കറായ സാഹചര്യത്തില്‍ തങ്ങളുടെ ഭാഗത്തുനിന്ന് ഒരാളെ ഡെപ്യൂട്ടി സ്പീക്കറാക്കണമെന്ന നിലപാടാണ് ഐ പക്ഷത്തിന്. ഇതിനായി കെ. മുരളീധരന്‍െറ പേരും അവര്‍ മുന്നോട്ടുവെച്ചു. കെ.പി.സി.സി പ്രസിഡന്‍റായി പ്രവര്‍ത്തിച്ച മുരളീധരന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയാറാകില്ളെന്ന് അറിയാമായിരുന്നിട്ടും മുഖ്യമന്ത്രിയെ കുടുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് അവര്‍ അദ്ദേഹത്തിന്‍െറ പേര് നിര്‍ദേശിച്ചത്.
ഒഴിവുള്ള ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കാമെന്ന്, ആരോടും കൂടിയാലോചിക്കാതെ മുഖ്യമന്ത്രി ആര്‍.എസ്.പിക്ക് ഉറപ്പുനല്‍കിയെന്ന സംശയമാണ് എ ഗ്രൂപ്പുകാരെ ഇതിന് പ്രേരിപ്പിച്ചത്. ഡെപ്യൂട്ടി സ്പീക്കര്‍ പദവിക്കായി ആര്‍.എസ്.പി അവകാശവാദം ഉന്നയിച്ചതിനുപിന്നില്‍ മുഖ്യമന്ത്രിയുടെ ഒളിച്ചുകളി ഉണ്ടോയെന്ന സംശയവും ഐ ഗ്രൂപ്പിനുണ്ട്. അതേസമയം ഭിന്നിച്ചുനിന്ന തങ്ങള്‍ ലയിച്ച് ഒന്നായതോടെ നിയമസഭയിലെ അംഗബലത്തിലുണ്ടായ വര്‍ധന കൂടി കണക്കിലെടുത്ത് അര്‍ഹമായ പരിഗണന വേണമെന്ന നിലപാടിലാണ് ആര്‍.എസ്.പി. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്ക് അവര്‍ ഒരുക്കവുമല്ല. കോണ്‍ഗ്രസിന്‍െറ സമ്മര്‍ദത്തിന് വഴങ്ങി വിട്ടുവീഴ്ചക്ക് തയാറായാല്‍ അത് പാര്‍ട്ടിയില്‍ ആഭ്യന്തരപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് നേതൃത്വത്തിന് നന്നായറിയാം.
അതിനിടെ കെ. മുരളീധരനെ മുന്നില്‍നിര്‍ത്തി ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിന് പിടിമുറുക്കിയ ഐ ഗ്രൂപ് നിലപാട് മയപ്പെടുത്തി. ഇക്കാര്യത്തില്‍ പിടിവാശി കാട്ടില്ളെന്നും പാര്‍ട്ടി നേതൃത്വം കൈക്കൊള്ളുന്ന തീരുമാനം അംഗീകരിക്കുമെന്നും നിയമസഭാ സമ്മേളനകാലത്തുതന്നെ മുരളീധരന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
കോണ്‍ഗ്രസിന്‍െറ കൈവശമുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പാര്‍ട്ടിക്കുതന്നെ തുടര്‍ന്നും ലഭിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.
പിന്മാറാനുള്ള മുരളിയുടെ തീരുമാനം ഡെപ്യൂട്ടി സ്പീക്കറുടെ പേരില്‍ കോണ്‍ഗ്രസിലുണ്ടായ തര്‍ക്കത്തിന് അറുതിവരുത്തി. പാലോട് രവിയെ ഡെപ്യൂട്ടി സ്പീക്കറാക്കുകയെന്ന കോണ്‍ഗ്രസിലെ എ പക്ഷത്തിന്‍െറ ആഗ്രഹം യാഥാര്‍ഥ്യത്തിലേക്ക് അടുക്കുകയും ചെയ്തു. എം.എല്‍.എ എന്ന നിലയിലെ ദീര്‍ഘകാല പ്രവര്‍ത്തന പരിചയവും സാമുദായിക, പ്രാദേശിക പരിഗണനകളും അദ്ദേഹത്തിന് അനുകൂലവുമാണ്. എന്നാല്‍, പദവി ആവശ്യത്തില്‍ ആര്‍.എസ്.പി ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. കോവൂര്‍ കുഞ്ഞുമോനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് അവര്‍ ആഗ്രഹിക്കുന്നത്.
ഡെപ്യൂട്ടി സ്പീക്കര്‍ പദവിയുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പിന് അവര്‍ തയാറല്ല. വിട്ടുവീഴ്ചക്ക് നേതൃത്വം ഒരുങ്ങിയാല്‍ പാര്‍ട്ടിയില്‍ അത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. പാര്‍ട്ടിയുടെ യു.ഡി.എഫ് ബന്ധം രാഷ്ട്രീയമായി ഗുണകരമല്ളെന്ന വിശ്വാസക്കാരനായ കുഞ്ഞുമോന്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവികൂടി ലഭിക്കുന്നില്ളെങ്കില്‍ സ്വീകരിച്ചേക്കാവുന്ന നിലപാട് ആര്‍.എസ്.പിയില്‍ പൊട്ടിത്തെറിയുണ്ടാക്കും. ചില നേതാക്കള്‍ പല കാര്യങ്ങളിലും കോണ്‍ഗ്രസുമായി സന്ധിചെയ്യുന്നെന്ന ആക്ഷേപം ആര്‍.എസ്.പിയില്‍ നേരത്തേയുണ്ട്. ഡെപ്യൂട്ടി സ്പീക്കര്‍ പദവി നഷ്ടപ്പെട്ടാല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ദേശീയ നേതൃത്വത്തിന്‍െറ നിലപാടിനൊപ്പം നീങ്ങാന്‍ തയാറാകും. ഇത് ഒഴിവാക്കാനാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനായി സംസ്ഥാന സെക്രട്ടറി സജീവമായി രംഗത്തത്തെിയത്.തങ്ങളെ തഴഞ്ഞാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് അവര്‍ മുന്നറിയിപ്പും നല്‍കി.
ആര്‍.എസ്.പി സ്വീകരിച്ച കടുത്ത നിലപാട് ഡെപ്യൂട്ടി സ്പീക്കര്‍ വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് തടസ്സമായിരിക്കുകയാണ്. അവര്‍ക്ക് വഴങ്ങാന്‍ നേതൃത്വം തീരുമാനിച്ചാല്‍ കോണ്‍ഗ്രസില്‍ പ്രശ്നങ്ങളുണ്ടാകും.
അവകാശവാദത്തില്‍നിന്ന് പിന്മാറുമ്പോള്‍ പദവി വിട്ടുകൊടുക്കാന്‍ പാടില്ളെന്ന ഉപാധി മുരളീധരന്‍ മുന്നോട്ടുവെച്ചത് അതിന്‍െറ സൂചനയാണ്.
കോണ്‍ഗ്രസിന്‍െറ സ്ഥാനം ഘടകകക്ഷികള്‍ക്ക് എങ്ങനെ നല്‍കുമെന്ന സംശയം അദ്ദേഹം പരസ്യമായി ഉന്നയിച്ചിട്ടുമുണ്ട്. എന്നാല്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഒഴിച്ചിടുന്നത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തനിക്കുള്ള അസ്വസ്ഥത കോവൂര്‍ കുഞ്ഞുമോന്‍ വ്യക്തമാക്കിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.