ജാതിവിവേചനം: ഉദ്യോഗസ്ഥ സംഘം പുലപ്രക്കുന്ന് സാംബവ കോളനി സന്ദര്‍ശിച്ചു

മേപ്പയൂര്‍: മഴനനയാതെ കിടന്നുറങ്ങാന്‍ വൃത്തിയുള്ള കൂരകളും കുടിവെള്ളവും കക്കൂസുമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കും ജാതിവിവേചനത്തിനുമെതിരെ മേപ്പയൂര്‍  പുലപ്രക്കുന്ന് സാംബവ കോളനി നിവാസികളും സാമൂഹിക പ്രവര്‍ത്തകരും നടത്തിയ ഇടപെടലുകള്‍ക്ക് ഫലം കണ്ടുതുടങ്ങി.

പട്ടികജാതി വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വെള്ളിയാഴ്ച  റവന്യൂവകുപ്പ് അധികാരികളും ജില്ലാ പട്ടികജാതി വെല്‍ഫെയര്‍ അസിസ്റ്റന്‍റ് ഓഫിസര്‍ സജിതും സംഘവും കോളനിയിലത്തെി. കോളനി നിവാസികളും നാട്ടുകാരും സാമൂഹിക പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തി.
ശോചനീയമായ ജീവിതസാഹചര്യമാണുള്ളതെന്നും കുടിവെള്ളം ശൗചാലയം എന്നിവ ഉടന്‍ പരിഹരിക്കേണ്ട ആവശ്യങ്ങളാണെന്നും  ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോളനി നിവാസികള്‍ക്ക് മാത്രമായി ഒരു കുടിവെള്ള പദ്ധതിയുടെ സാധ്യത പരിശോധിക്കുമെന്നും കൈവശരേഖ ഉള്‍പ്പെടെയുള്ള രേഖകള്‍ ലഭ്യമാക്കി വീടിനുള്ള ധനസഹായം നല്‍കുന്നതിന് പഞ്ചായത്ത് അധികൃതരുമായി ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നും അസി. വെല്‍ഫെയര്‍ ഓഫിസര്‍ സജിത് പറഞ്ഞു.

നരക്കോട് എല്‍.പി സ്കൂള്‍, മേപ്പയൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് ജാതി അവഹേളനം ഉണ്ട് എന്ന പരാതി ഉണ്ടായതിനാല്‍ സ്കൂളുകള്‍ സംഘം സന്ദര്‍ശിച്ചു. ലാഘവത്തോടെ ഇക്കാര്യം കൈകാര്യംചെയ്യരുതെന്ന് സ്ഥാപന മേലധികാരികള്‍ക്കും അധ്യാപകര്‍ക്കും നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു.

അടിയന്തര പരിഹാരം കാണേണ്ട കാര്യങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ഇന്ന് ഉദ്യോഗസ്ഥരുമായും അധികൃതരുമായും ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കിടപ്പാടത്തിനും ജീവിതത്തിനും വേണ്ടി അലഞ്ഞുതിരിയുന്ന മനുഷ്യരുടെ പ്രശ്നങ്ങള്‍ ആദ്യം പുറത്തുകൊണ്ടുവന്നത് ‘മാധ്യമം’ ആയിരുന്നു. റെഡ്സ്റ്റാര്‍ മേപ്പയ്യൂര്‍, വെല്‍ഫെയര്‍ പാര്‍ട്ടി എന്നീ സംഘടനകളും മറ്റു സാമൂഹിക പ്രവര്‍ത്തകരും കോളനി നിവാസികള്‍ക്കൊപ്പം നിലകൊണ്ടു. റെഡ്സ്റ്റാര്‍ മേപ്പയൂര്‍ സെക്രട്ടറി അഡ്വ. പി. രജിലേഷ് പട്ടികജാതി വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.