കേന്ദ്ര ഗ്രാമീണ റോഡ് നിര്‍ണയ അധികാരം ഇനി എം.പിമാര്‍ക്ക്

കോഴിക്കോട്: പ്രധാന്‍മന്ത്രി ഗ്രാമീണ്‍ സഡക്യോജന (പി.എം.ജി.എസ്.വൈ) യില്‍ റോഡുകള്‍ നിര്‍ണയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ എം.പിമാര്‍ക്ക് നല്‍കി. ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ സ്ഥലംകണ്ടത്തെി ജില്ലാതലസമിതി അംഗീകാരം നല്‍കുന്നതാണ് നിലവിലെരീതി. ബന്ധപ്പെട്ട എം.പിയുടെ സാക്ഷ്യപത്രമില്ലാതെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന പദ്ധതികള്‍ ഇനി കേന്ദ്രം തള്ളും. ഇതുസംബന്ധിച്ച നിര്‍ദേശം ഈ മാസം 23ന് ചീഫ് സെക്രട്ടറിക്ക് അയച്ചതായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയ വക്താവ് വെളിപ്പെടുത്തി.

ഗ്രാമപഞ്ചായത്തുകള്‍ കണ്ടത്തെുന്ന സ്ഥലങ്ങള്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ദാരിദ്ര്യലഘൂകരണ വിഭാഗം ജില്ലാ പ്രൊജക്ട് ഓഫിസര്‍ എന്നിവരടങ്ങുന്ന സമിതി അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ മുഖേന കേന്ദ്രത്തിന് സമര്‍പ്പിക്കുന്ന നിലവിലെ സംവിധാനം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ മറികടക്കാനാണ് പുതിയ നിര്‍ദേശം. ജില്ലാതല സമിതി തുടരും. എന്നാല്‍ റോഡ് തെരഞ്ഞെടുക്കേണ്ടത് എം.പിയാണ്. എം.പിമാര്‍ക്ക് എം.എല്‍.എമാരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാം. ജില്ലാതലസമിതി സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്കൊപ്പം ബന്ധപ്പെട്ട എം.പി ശിപാര്‍ശ ചെയ്തതെന്ന് വ്യക്തമാക്കുന്ന രേഖ ഉണ്ടാവണം. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുമ്പോള്‍ എം.പിയുടെ സാക്ഷ്യപത്രത്തിന് പുറമെ,  എം.പി നിര്‍ദേശിച്ച റോഡുകള്‍ ഒഴിവാക്കുന്നുവെങ്കില്‍ അതിന്‍െറ വിവരങ്ങളും കാരണവും വ്യക്തമാക്കണം. ലോക്സഭാ അംഗം അതത് മണ്ഡലത്തിലെയും രാജ്യസഭാ അംഗം ബന്ധപ്പെട്ട നോഡല്‍ ജില്ലയിലെയും റോഡുകളാണ് നിര്‍ദേശിക്കേണ്ടത്.

കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഗ്രാമപഞ്ചായത്തുകള്‍  പ്രായോഗികവിഷമങ്ങള്‍ നേരിടുന്നതായി പദ്ധതി അവലോകനയോഗം വിലയിരുത്തിയിരുന്നു. ഒന്നിലധികം പഞ്ചായത്തുകള്‍ ബന്ധിപ്പിച്ചാണ് റോഡുകള്‍ നിര്‍മിക്കേണ്ടത്. ഭരണസമിതികളുടെ രാഷ്ട്രീയ, പ്രാദേശിക താല്‍പര്യങ്ങള്‍ ഏകോപിത തീരുമാനമെടുക്കുന്നതിന് സംസ്ഥാനത്ത് വിഘാതമുണ്ടാക്കുന്നു. സ്ഥലം വിട്ടുനല്‍കുന്നതില്‍ നാട്ടുകാരുടെ സഹകരണമില്ലായ്മയാണ് നേരിടുന്ന മറ്റൊരു പ്രശ്നം. റോഡ് തെരഞ്ഞെടുക്കുന്ന ചുമതല എം.പി നിര്‍വഹിക്കുന്നതിലൂടെ ഏകോപനം എളുപ്പമാവുമെന്നാണ് നിരീക്ഷണം. പി.എം.ജി.എസ് പദ്ധതിയില്‍ 2011-12ല്‍ കേന്ദ്രം നല്‍കിയ 200 കോടി രൂപയില്‍ 58 കോടി മാത്രമേ ഇത്തരം പ്രതിസന്ധി കാരണം സംസ്ഥാനം വിനിയോഗിച്ചിരുന്നുള്ളൂ. ഇതേതുടര്‍ന്ന്  2012-13,2013-14 വര്‍ഷങ്ങളില്‍ ഫണ്ട് മുടങ്ങിയിരുന്നു. ബാക്കി ഫണ്ട് വിനിയോഗിച്ച ശേഷമാണ് 2014-15ല്‍ 151 കോടി ലഭിച്ചത്. നടപ്പ് വര്‍ഷം ലഭിച്ച 22 കോടിയില്‍ ഇതിനകം 10 കോടി വിനിയോഗിച്ചു.
ഉദ്യോഗസ്ഥധൂര്‍ത്ത് നിയന്ത്രിക്കാന്‍ എം.പിമാരുടെ മേല്‍നോട്ടമുണ്ടാവുന്നതിലൂടെ സാധിക്കുമെന്നാണ് കേന്ദ്രഗ്രാമവികസന മന്ത്രാലയത്തിന്‍െറ കണക്കുകൂട്ടലെന്ന് വക്താവ് പറഞ്ഞു. മതിയായ രേഖയില്ലാതെ പലവക ചെലവിനത്തില്‍ സംസ്ഥാനത്തെ പദ്ധതിനിര്‍വഹണ ഉദ്യോഗസ്ഥര്‍ 7.20 കോടി രൂപ വെട്ടിച്ചതിന്‍െറ രേഖ മന്ത്രാലയത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.