എടവണ്ണ: എടവണ്ണയിലെ വീട്ടിൽനിന്ന് 20 എയർ ഗണ്ണുകൾ, മൂന്ന് റൈഫിളുകൾ, 200ലധികം വെടിയുണ്ടകൾ, 40 പെല്ലറ്റ് ബോക്സ് എന്നിവ പൊലീസ് പിടിച്ചെടുത്തു. വീട്ടുടമ ഉണ്ണിക്കമ്മദിനെ (67) എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. ലൈസൻസില്ലാതെ ഇത്രയധികം ആയുധങ്ങൾ സൂക്ഷിച്ച കേസിലാണ് അറസ്റ്റ്.
അരീക്കോട് റോഡിലെ വീടിന്റെ മുകൾ ഭാഗത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ഒരു റൈഫിളും 40 തിരകളും ഒരു എയർഗണ്ണുമാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദ പരിശോധനയിൽ വീടിന്റെ താഴ് ഭാഗത്തെ ഷട്ടറിട്ട ഭാഗത്തുനിന്ന് മറ്റു ആയുധ ശേഖരവും കണ്ടെത്തുകയായിരുന്നു. ആയുധങ്ങൾ വിൽപനക്കായി സൂക്ഷിച്ചവയാണെന്നാണ് മൊഴി.
ഉണ്ണിക്കമ്മദിന് ആയുധങ്ങൾ വിൽപന നടത്തുന്നതിനുള്ള ലൈസൻസില്ല. ലൈസൻസിനായി ജില്ല കലക്ടർക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കണ്ടെടുത്ത ആയുധങ്ങൾ ഇതുവരെ ഉപയോഗിക്കാത്തതാണെന്ന് പൊലീസ് പറഞ്ഞു.
ഉണ്ണിക്കമ്മദിൽനിന്ന് എയർ ഗൺ വാങ്ങിയ പാലക്കാട് സ്വദേശിയെ പാലക്കാട് വെച്ച് പൊലീസ് പിടികൂടിയിരുന്നു. ഇയാളിൽനിന്ന് കിട്ടിയ വിവരങ്ങൾ പാലക്കാട് പൊലീസ് എടവണ്ണ പൊലീസിന് കൈമാറുകയായിരുന്നു. എടവണ്ണ ഇൻസ്പെക്ടർ ബിനുവിന്റെ നേതൃത്വത്തിലാണ് എടവണ്ണയിലെ വീട്ടിൽ പരിശോധന നടത്തിയത്. കോടതിയിൽ ഹാജരാക്കിയ ഉടൻ തുടരന്വേഷണത്തിനായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. എവിടെനിന്നാണ് ഇത്രയധികം ആയുധങ്ങൾ വാങ്ങിയതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.