കെ.എ. മാനുവൽ
തൃശൂർ: കേരളത്തിലെ അക്കൗണ്ടന്റ് ജനറൽ ഓഫിസിനെ ഏറെക്കാലം സമര ഭൂമികയാക്കിയ പോരാട്ടത്തിലെ ‘ഇര’ കെ.എ. മാനുവലിന് 14 വർഷത്തെ നിയമ യുദ്ധത്തിന് ശേഷം സുപ്രീം കോടതിയിൽനിന്ന് നീതി. സുപ്രീം കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചാൽ വീണ്ടും ജോലിക്കായി ഏജീസ് ഓഫിസിലെത്തും. സമരത്തിന്റെ പേരിൽ കള്ളകേസുണ്ടാക്കി തന്നെ പിരിച്ചുവിട്ട അന്നത്തെ കേരള അക്കൗണ്ടന്റ് ജനറൽ വി. രവീന്ദ്രന്റെയും അതിന് കുടപിടിച്ച കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫിസിന്റെയും നടപടികൾക്കെതിരെ മാനുവൽ നിരന്തരം പോരാടുകയായിരുന്നു. 2026 മാർച്ച് 31 വരെ സർവിസുള്ള മാനുവലിനെ ആനുകൂല്യങ്ങൾ സഹിതം തിരിച്ചെടുക്കാൻ ചൊവ്വാഴ്ചയാണ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് വിക്രം നാഥ് എന്നിവരുൾപ്പെട്ട സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
പെൻഷൻ പരിഷ്കരണവുമായി ബന്ധപ്പെട്ട ‘ഒരു റാങ്കിന് ഒരു പെൻഷൻ’ ജോലികൾ ഏജീസ് ഓഫിസ് ജീവനക്കാരെ മാറ്റിനിർത്തി പുറംകരാർ നൽകാനുള്ള അക്കൗണ്ടന്റ് ജനറൽ വി. രവീന്ദ്രന്റെ തീരുമാനത്തിനെതിരെ എല്ലാ സംഘടനകളും 2006 ഡിസംബറിൽ രംഗത്ത് വന്നിരുന്നു. ഇതിന്റെ പേരിൽ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് അസോസിയേഷൻ ഭാരവാഹിയായിരുന്ന എസ്.വി. സന്തോഷ് കുമാറിനെ സസ്പെന്റ് ചെയ്തു. അതോടെ സംഘടനകൾ ജോലി ബഹിഷ്കരണം തുടങ്ങി.
സന്തോഷ് കുമാറിന്റെ സസ്പെന്ഷൻ പിൻവലിച്ചെങ്കിലും അസോസിയേഷൻ പ്രവർത്തകർക്ക് തുടരെത്തുടരെ മെമ്മോയും കാരണം കാണിക്കൽ നോട്ടീസും നൽകി. ഇതിൽ പ്രതിഷേധിച്ച് 2007 നവംബർ അഞ്ചിന് അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടങ്ങി. 37 ദിവസം കേരളത്തിലെ ഏജീസ് ഓഫിസുകളുടെ പ്രവർത്തനം സ്തംഭിപ്പിച്ചു. എന്നാൽ എ.ജിയുടെ ഭീഷണിയെ തുടർന്ന് അസോസിയേഷൻ ഒഴികെയുള്ള സംഘടനകൾ പിന്മാറി.
തിരുവനന്തപുരത്ത് അക്കൗണ്ടന്റ് ജനറൽ ഓഫിസിലെ അസിസ്റ്റന്റ് ഓഡിറ്റ് ഓഫിസർ കെ.എ. മാനുവൽ, അനിൽ എന്നിവരെ പിരിച്ചുവിട്ടും 15 ജീവനക്കാരെ തരം താഴ്ത്തിയും നൂറോളം പേരുടെ ഇൻക്രിമെന്റ് രണ്ട് മുതൽ ഒമ്പത് വർഷം വരെ തടഞ്ഞും നടപടിയെടുത്തു. എ.ജിയുടെ പ്യൂൺ പ്രവീണിനെ മർദിച്ചെന്ന വ്യാജ പരാതിയിൽ കുറ്റപത്രം നൽകിയാണ് മാനുവലിനെ പിരിച്ചുവിട്ടത്.
2009 മാർച്ച് അഞ്ചിന് പിരിച്ചുവിടപെട്ട മാനുവൽ കൊച്ചിയിലെ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചു. 2010ൽ ട്രൈബ്യൂണൽ പിരിച്ചുവിടൽ റദ്ദാക്കിയെങ്കിലും അധികൃതർ ഹൈകോടതിയെ സമീപിച്ചു. ട്രൈബ്യൂണൽ ഉത്തരവ് 2018ൽ ഹൈകോടതി ശരിവെച്ചു. അതിനെതിരെ കേന്ദ്ര സർക്കാറും സി.എ.ജിയും നൽകിയ ഹരജി തള്ളിയാണ് ഇപ്പോൾ സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് . മന്ത്രി വി. അബ്ദുറഹ്മാന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയാണിപ്പോൾ മാനുവൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.