യു.ഡി.എഫ് കൊടുങ്കാറ്റിൽ കടപുഴകി വീണത് 13 മന്ത്രിമാർ; മുന്നണി കൺവീനറും തോറ്റു

കോഴിക്കോട്: സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയപ്പോൾ കടപുഴകി വീണത് 13 മന്ത്രിമാർ. സിറ്റിങ് സീറ്റുകളിൽ ഉറച്ച വിജയപ്രതീക്ഷ അർപ്പിച്ച് വീണ്ടും കളത്തിലിറക്കിയ മന്ത്രിമാരാണ് കൂട്ടത്തോൽവി ഏറ്റുവാങ്ങിയത്.

വ്യവസായ മന്ത്രിയായിരുന്ന പി. രാജീവ് കളമശ്ശേരിയിൽ പരാജയപ്പെട്ടത് എൽ.ഡി.എഫ് ക്യാമ്പിനെ ഞെട്ടിപ്പിച്ചു. ആറന്മുളയിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് ഒരുഘട്ടത്തിൽപോലും ലീഡ് നേടാനായില്ല. കായിക മന്ത്രി വി. അബ്ദുറഹ്മാൻ തിരൂരിലും രജിസ്‌ട്രേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കണ്ണൂരിലും തോറ്റു. പൊതു വിദ്യാഭ്യാസ മന്ത്രിയായിരുന്ന വി. ശിവൻകുട്ടി നേമത്ത് പരാജയപ്പെട്ടു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഇവിടെ ജയിച്ചുകയറിയത്.

ഇടുക്കിയിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും ഏറ്റുമാനൂരിൽ സഹകരണ മന്ത്രി വി.എൻ. വാസവനും പരാജയപ്പെട്ടു. ഇടതുകോട്ടയായ എലത്തൂരിൽ വനം മന്ത്രി എ.കെ. ശശീന്ദ്രന് വോട്ടർമാർ തിരിച്ചടി നൽകി. പത്തനാപുരത്ത് ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാറിനും ഇരിങ്ങാലക്കുടയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിനും ഇത്തവണ പരാജയം നുണയേണ്ടി വന്നു. കഴിഞ്ഞ തവണത്തെ തിളക്കമാർന്ന വിജയം ഇത്തവണ ആവർത്തിക്കാൻ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷിന് തൃത്താലയിൽ സാധിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി ചടയമംഗലത്തും പട്ടികജാതി-പട്ടികവർഗ വികസന മന്ത്രിയായി ഒ.ആർ. കേളു മാനന്തവാടിയിലും പരാജയപ്പെട്ടു. പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിമാരുടെ ഈ പതനം ഭരണവിരുദ്ധ വികാരം എത്രത്തോളം ശക്തമായിരുന്നു എന്നതിന്റെ തെളിവാണ്. മുഖ്യമന്ത്രിയടക്കം ഏഴ് മന്ത്രിമാർ ഭരണവിരുദ്ധ വികാരം മറികടന്ന് ജയിച്ചുകയറി. ആദ്യ റൗണ്ട് തൊട്ട് പിന്നിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ധര്‍മടത്ത് 19000ത്തിലധികം വോട്ടുകൾക്കാണ് വിജയിച്ചത്. ഏഴു റൗണ്ടുകൾക്കുശേഷമാണ് മുഖ്യമന്ത്രി ആദ്യമായി ലീഡെടുത്തത്.

കൊട്ടാരക്കരയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ 1012 വോട്ടിന്‍റെ ഭൂരിപക്ഷത്തിലും ബേപ്പൂരിൽ പി.എ മുഹമ്മദ് റിയാസ് 7487 വോട്ടിന്‍റെ ഭൂരിപക്ഷത്തിലും ജയിച്ചു. ഒല്ലൂരിൽ റവന്യൂ മന്ത്രി കെ. രാജനും നെടുമങ്ങാട് ജി.ആര്‍. അനിലും ചെങ്ങന്നൂരിൽ സജി ചെറിയാനും ചേര്‍ത്തലയിൽ പി. പ്രസാദും ജയിച്ചു. മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ പേരാമ്പ്രയിൽ മുസ്ലിം ലീഗിലെ ഫാത്തിമ തഹിലിയയോട് 5087 വോട്ടുകൾക്കാണ് തോറ്റത്.

Tags:    
News Summary - 13 ministers were lose in the UDF storm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.