ഇന്നും നാളെയുമായി സഭയിലെത്തുന്നത് 12 ബില്ലുകൾ

തിരുവനന്തപുരം: രണ്ടു ദിവസത്തിനിടെ, നിയമസഭയിൽ അവതരിപ്പിക്കുന്നത് 12 ബില്ലുകൾ. ഇതിൽ 11 എണ്ണവും നേരത്തേ സർക്കാർ ഓർഡിനൻസായി ഇറക്കിയതായിരുന്നു. ഓർഡിനൻസ് പുതുക്കാനുള്ള മന്ത്രിസഭ ശിപാർശ ഗവർണർ അനുവദിക്കാതിരിക്കുകയും ഓർഡിനൻസുകൾ കാലഹരണപ്പെടുകയും ചെയ്തതോടെയാണ് അടിയന്തരമായി നിയമസഭ ചേരാൻ തീരുമാനിച്ചത്.

ചൊവ്വാഴ്ച ലോകായുക്ത നിയമ ഭേദഗതിയുൾപ്പെടെ ആറു ബില്ലും ബുധനാഴ്ച സർവകലാശാല നിയമഭേദഗതിയുൾപ്പെടെ ആറു ബില്ലുമാണ് സഭയിൽ അവതരിപ്പിക്കാൻ തിങ്കളാഴ്ച ചേർന്ന നിയമസഭ കാര്യോപദേശക സമിതി യോഗം തീരുമാനിച്ചത്. സി.പി.ഐ ജില്ല സമ്മേളനങ്ങൾ നടക്കുന്നതിനാൽ 25, 26 തീയതികളിൽ സഭ ചേരില്ല.

ഇതോടെയാണ് 12 ബില്ലുകൾ രണ്ടു ദിവസം കൊണ്ട് അവതരിപ്പിക്കേണ്ടിവന്നത്. രണ്ടു ദിവസത്തിനിടെ, ഇത്രയധികം ബില്ലുകൾ കൊണ്ടുവരുന്നതിൽ പ്രതിപക്ഷം കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സഭയിൽ അവതരിപ്പിച്ച ശേഷം ബില്ലുകൾ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് അയക്കണം.

സബ്ജക്ട് കമ്മിറ്റി നിർദേശിച്ച പ്രകാരമുള്ള ഭേദഗതികളോടെ ബിൽ വീണ്ടും സഭയുടെ പരിഗണനക്ക് വരികയും ചർച്ച പൂർത്തിയാക്കി പാസാക്കുകയും വേണം. നിലവിലെ സാഹചര്യത്തിൽ വിവാദമായ ലോകായുക്ത നിയമഭേദഗതിയും സർവകലാശാല നിയമഭേദഗതിയുമുൾപ്പെടെ 12 ബില്ലുകളും സഭയിൽ പാസാകും. സഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണറുടെ തീരുമാനമായിരിക്കും നിർണായകം.

വി.സി നിയമനത്തിൽ ചാൻസലറായ ഗവർണറുടെ അധികാരം കവരാനും സർക്കാറിന് താൽപര്യമുള്ളയാളെ വി.സിയായി നിയമിക്കാനും വഴിയൊരുക്കുന്നതാണ് സർവകലാശാല നിയമഭേദഗതി ബിൽ. ഒക്ടോബറിൽ കേരള വി.സി പദവി ഒഴിവുവരുന്ന സാഹചര്യത്തിലാണ് അടിയന്തരമായി ഭേദഗതി ബിൽ കൊണ്ടുവരുന്നത്.

ഭരണപക്ഷത്തുനിന്ന് സി.പി.ഐ ഉൾപ്പെടെ വിയോജിപ്പ് പ്രകടിപ്പിച്ച ലോകായുക്ത നിയമഭേദഗതി ബില്ലും തിരക്കിട്ടാണ് സഭയിൽ കൊണ്ടുവരുന്നത്. ബില്ലുകളിൽ മതിയായ ചർച്ചക്ക് സമയമുണ്ടാകില്ലെന്നതുതന്നെയാണ് പ്രധാന വിമർശനവും.

സർവകലാശാല, ലോകായുക്ത നിയമ ഭേദഗതി ബില്ലുകൾക്കു പുറമെ കേരള മാരിടൈം ബോർഡ് ഭേദഗതി, തദ്ദേശസ്വയംഭരണ പൊതുസർവിസ്, കേരള പബ്ലിക് സർവിസ് കമീഷൻ ഭേദഗതി, കേരള സ്വകാര്യ വനം നിക്ഷിപ്തമാക്കലും പതിച്ചുനൽകലും, വ്യവസായ ഏകജാലക ബോർഡും വ്യവസായ ടൗൺഷിപ് വികസനവും, കേരള പൊതുമേഖല നിയമന ബോർഡ്, കേരള പബ്ലിക് ഹെൽത്ത്, കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി), കേരള സഹകരണ സൊസൈറ്റി ഭേദഗതി ബില്ലുകളാണ് രണ്ടു ദിവസത്തിനിടെ സഭയുടെ പരിഗണനക്ക് വരുന്നത്.

Tags:    
News Summary - 12 bills will reach the kerala legislative assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.