തിരുവനന്തപുരം : വഴയില-പഴകുറ്റി-നെടുമങ്ങാട്-കച്ചേരിനട നാലുവരി പാതയായി വികസിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കമാകുന്നു. 11.23 കിലോമീറ്റർ നീളമുള്ള പാതയുടെ സ്ഥലമേറ്റെടുക്കലുൾപ്പെടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കുള്ള 117 കോടി രൂപ എൽ.എ കോസ്റ്റ് അർത്ഥനാധികാരിയായ കെ.ആർ.എഫ്.ബി റവന്യൂ വകുപ്പിന് തിങ്കളാഴ്ച കൈമാറും. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രിയുമായ ജി.ആർ അനിലിന്റെ സാന്നിധ്യത്തിലാണ് തുക കൈമാറുന്നത്.
സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുന്നതിനായി മൂന്ന് റീച്ചുകളിലായാണ് പദ്ധതി നടപ്പാക്കുന്നത്. നാലു വരിപാതക്കായി 338.53 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. റീച്ച്-ഒന്ന് വഴയില മുതൽ കെൽട്രോൺ ജംഗ്ഷൻ വരെ 3.94 കിലോമീറ്ററാണ്. റീച്ച്-രണ്ട് കെൽട്രോൺ ജംഗ്ഷൻ മുതൽ വാളിക്കോട് വരെയും റീച്ച്-മൂന്ന് വാളിക്കോട് മുതൽ പഴകുറ്റി-കച്ചേരി ജംഗ്ഷൻ പതിനൊന്നാം കല്ല് വരെയുമാണ്.
റീച്ച് -രണ്ട്, 2.56 കിലോമീറ്ററും റീച്ച്-മൂന്ന് , 4.73 കിലോമീറ്ററുമാണ്. 12.04 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. 359 പേരാണ് റീച്ച്-ഒന്നിലെ പദ്ധതി ബാധിതർ. പദ്ധതി ബാധിതർക്കുള്ള നഷ്ടപരിഹാരമുൾപ്പെടെയുള്ള തുകയാണ് കൈമാറുന്നത്. 15 മീറ്റർ ക്യാരേജ് വേ, രണ്ട് മീറ്റർ മീഡിയൻ, രണ്ട് വശങ്ങളിലായി രണ്ട് മീറ്ററിൽ ഡ്രെയിൻ കം ഫുട്പാത്ത് ഉൾപ്പെടെ 21 മീറ്റർ വീതിയിലാണ് റോഡ് വികസനം. 2016-17ൽ നാലുവരിപാതയാക്കുന്നതിന് അനുമതി ലഭിക്കുകയും 2020ൽ കിഫ്ബിയിൽ നിന്ന് സാമ്പത്തികാനുമതി ലഭിക്കുകയും ചെയ്തു.
റീച്ച് രണ്ടിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി 173 കോടി രൂപയാണ് കിഫ്ബിയിൽ നിന്നും അനുവദിക്കുന്നത്. റീച്ച് ഒന്നിൽ ഉൾപ്പെടുന്ന കരകുളം പാലത്തിന്റെയും ഫ്ളൈ ഓവറിന്റെയും ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.