തിരുവനന്തപുരം: പട്ടികജാതി വിഭാഗങ്ങളുടെ ഹോം സർവേക്ക് 1.16 കോടി രൂപ ( 1,16,60,928) രൂപ) അനുവദിച്ച് ഉത്തരവ്. ഹോം സർവേ നടപടികൾ പൂർത്തികരിക്കുന്നതിനായി തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പട്ടികജാതി ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വകുപ്പുതല വർക്കിങ് ഗ്രൂപ്പ് യോഗം ഈ പ്രൊപോസൽ അംഗീകരിക്കുകയും ചെയ്തു. സർവേയിൽ തീവ്ര ദാരിദ്ര്യ കുടുംബങ്ങളുടെ ആവശ്യകതകൾ തിരിച്ചറിയുന്നതിനും നിർമാർജനം ചെയ്യുന്നതിനുമുള്ള ശുപാർശകൾ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയോടെയാണ് തുക അനുവദിച്ചത്. സർവേയിൽ ശേഖരിച്ച ഡാറ്റ സഹിതം തീവ്ര ദാരിദ്ര്യ കുടുംബങ്ങളെ വിശകലനം ചെയ്യുന്ന ഒരു പ്രത്യേക റിപ്പോർട്ട് സർക്കാറിനു സമർപ്പിക്കണമെന്നും നിർദേശം നൽകി.
കേരളത്തിലെ പട്ടികജാതി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ഉന്നമനം ലക്ഷ്യം വെച്ച് ഹോം സർവേ നടത്തുന്നതിന് 2019-2020 സാമ്പത്തിക വർഷം 55 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. എസ്.സി സ്റ്റാർട്ടപ്പ് ആയ മെർജിയസ് ഐ.ടി സൊലൂഷൻസ് വഴി പദ്ധതി നിർവഹണം നടത്തുന്നതിന് നടപടികൾ ആരംഭിക്കുകയും ചെയ്തു. ഫീൽഡ് സർവേ നടത്തുന്നതിന് വകുപ്പിലെ പ്രൊമോട്ടർമാർക്ക് ആൻഡ്രോയിഡ് മൊബൈലോ, ടാബോ, കമ്പ്യൂട്ടറോ, സർവേ നടത്തുന്നതിനുള്ള ഇൻറർനെറ്റ് സംവിധാനമോ പദ്ധതിയിൽ ഉൾപ്പെടുത്താതിരുന്നതിനാൽ സർവേ നടത്തുന്നതിന് വീടൊന്നിന് 15 രൂപയെങ്കിലും അനുവദിക്കണെന്ന് ആവാശ്യപ്പെട്ടാണ് പുതുക്കിയ പ്രൊപ്പോസൽ സമർപ്പിച്ചത്.
2021-22 ൽ ഭരണാനുമതി നൽകിയെങ്കിലും സർവേ പ്രവർത്തനങ്ങൾ ആരംഭിച്ചില്ല. ഹോം സർവേയുടെ ഭാഗമായി ജില്ലകളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിലവിൽ പട്ടികജാതി കുടുംബങ്ങളുടെ എണ്ണം 8,41,331 ആണ്. ഓരോ പട്ടകജാതി കുടുംബങ്ങൾക്കും 10 രൂപ നിരക്കിൽ സർവേ നടത്തുന്നതിന് പ്രതിഫലം കണക്കാക്കിയാണ് ഭരണാനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.