representative image

കെ.എസ്​.ആര്‍.ടി.സിക്ക് അടുത്തമാസം 100 പുതിയ ബസുകള്‍; മന്ത്രി ആന്‍റണി രാജു

തിരുവനന്തപുരം: കെ.എസ്​.ആര്‍.ടി.സി വാങ്ങുന്ന 100 പുതിയ ബസുകള്‍ ഡിസംബറില്‍ ലഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു നിയമസഭയില്‍ പറഞ്ഞു. എട്ട്​ വോള്‍വോ എസി സ്ലീപ്പര്‍ ബസ്സും 20 എസി ബസ്സും ഉള്‍പ്പെടെ 100 ബസുകളാണ് ഡിസംബറില്‍ ലഭിക്കുന്നത്. പരിസ്ഥിതി സൗഹൃദ ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 310 സിഎന്‍ജി ബസുകളും 50 ഇലക്ട്രിക് ബസുകളും വാങ്ങും. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി ആന്റണി രാജു.

നിലവിലുള്ള ഡീസല്‍ എന്‍ജിനുകള്‍ സിഎന്‍ജിയിലേക്ക് മാറ്റുന്നതിനുള്ള നടപടികളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കെ.എസ്​.ആര്‍.ടി.സി ബസ് റൂട്ടുകള്‍ അനുവദിക്കുന്നത് ലാഭത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ലെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. പൊതുമേഖലാ സ്ഥാപനം എന്ന നിലയില്‍ സാമൂഹ്യപ്രതിബദ്ധത കൂടി കണക്കിലെടുത്താണ് കെ.എസ്​.ആര്‍.ടി.സി ബസ് റൂട്ടുകള്‍ നിശ്ചയിക്കുന്നത്. എന്നാല്‍ സ്ഥിരമായി വലിയ നഷ്ടം വരുത്തുന്ന റൂട്ടുകള്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല.

ഓരോ റൂട്ടും പ്രത്യേകമായി വിലയിരുത്തി തുടര്‍ച്ചയായി വന്‍ നഷ്ടത്തിലാകുന്ന സര്‍വീസുകള്‍ ഇനിയും തുടരാനാവില്ല. എന്നാല്‍ ആദിവാസികള്‍ താമസിക്കുന്നത് പോലുള്ള ചില മേഖലകളില്‍ സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തി സര്‍വീസ് തുടരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരോടും പെന്‍ഷന്‍കാരോടും അനുഭാവപൂര്‍ണമായ സമീപനമാണ് സര്‍ക്കാരിന്റേതെന്നും ഹൈക്കോടതി വിധിക്ക് വിധേയമായി എം പാനല്‍ ജീവനക്കാരെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ ലാഭകരമായ സിഎന്‍ജി ബസുകള്‍ക്ക് മുന്‍ഗണന നല്‍കാനാണ് കെ.എസ്​.ആര്‍.ടി.സി ഉദ്ദേശിക്കുന്നതെന്നും ഇലക്ട്രിക് ബസുകള്‍ ലീസിന് എടുത്തത് നഷ്ടത്തില്‍ ആയതിനാല്‍ കരാര്‍ റദ്ദാക്കുകയാണെന്നും മന്ത്രി പറഞ്ഞു. കെ.എസ്​.ആര്‍.ടി.സിയുടെ കെട്ടിടങ്ങള്‍ക്ക്‌ വളരെ പഴക്കമുള്ളതിനാല്‍ പുനര്‍ നിര്‍മ്മിക്കേണ്ടതുണ്ട് എന്നാല്‍ ഇപ്പോഴത്തെ സാമ്പത്തിക നിലയില്‍ അതിന് കഴിയില്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ടൂറിസംവകുപ്പിന്റെയും സഹായത്തോടെ കെ.എസ്​.ആര്‍.ടി.സി ബസ് ഡിപ്പോകളിലെ ടോയ്‌ലറ്റുകള്‍ ആധുനികരീതിയില്‍ നവീകരിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. കിഫ്ബിയുമായി സഹകരിച്ച് ഒരു പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. തമിഴ്നാടുമായി ചര്‍ച്ചചെയ്ത് കൂടുതല്‍ അന്തര്‍ സംസ്ഥാന ബസുകള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - 100 new buses for KSRTC next month Minister Anthony Raju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.