അഭയാര്‍ഥികളെ സ്വീകരിക്കാന്‍ സമ്പന്ന രാഷ്ട്രങ്ങള്‍ക്ക് വിമുഖത

ലണ്ടന്‍: ലോകത്തെ സമ്പന്ന രാഷ്ട്രങ്ങള്‍ക്ക് അഭയാര്‍ഥികളെ സ്വീകരിക്കാന്‍ വിമുഖതയെന്ന് പഠനം. അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ ആറ് സമ്പന്ന രാഷ്ട്രങ്ങള്‍ ഏറ്റെടുത്തത് കേവലം 8.88 ശതമാനം അഭയാര്‍ഥികളെയാണെന്ന് വിവിധ സന്നദ്ധ സംഘടനകള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ ആറ് രാജ്യങ്ങളില്‍ ആകെയുള്ളത് 21 ലക്ഷം അഭയാര്‍ഥികളാണെന്ന് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓക്സ്ഫാം എന്ന മനുഷ്യാവകാശ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ദരിദ്ര രാഷ്ട്രങ്ങളാണ് അഭയാര്‍ഥികള്‍ക്ക് ഇടം നല്‍കുന്നത്. ജോര്‍ഡന്‍, തുര്‍ക്കി, പാകിസ്താന്‍, ലബനാന്‍, ദക്ഷിണാഫ്രിക്ക, ഫലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളിലായാണ് ലോകത്തെ 50 ശതമാനത്തിലധികം അഭയാര്‍ഥികളും കഴിയുന്നത്. ഇതില്‍തന്നെ തുര്‍ക്കിയിലും ജോര്‍ഡനിലുമാണ് കൂടുതല്‍ അഭയാര്‍ഥികളുള്ളത്.

അഭയാര്‍ഥി പ്രശ്നത്തോട് പുറംതിരിഞ്ഞുനില്‍ക്കുന്ന സമീപനത്തെ ഓക്സ്ഫാം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. അടുത്തിടെ ജര്‍മനി കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയാറായ കാര്യവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
യുദ്ധം, ദാരിദ്ര്യം, കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തം തുടങ്ങിയ കാരണങ്ങള്‍ സ്വന്തം രാജ്യമുപേക്ഷിക്കേണ്ടിവന്ന 65 ദശലക്ഷം പേര്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്നുവെന്നാണ് കണക്കാക്കിയിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.