ഫ്രാൻസിലെ നീസിൽ ഭീകരാക്രമണം; 84 മരണം

നീസ്: ഫ്രാൻസിലെ നീസിൽ ദേശീയ ദിനാഘോഷത്തിനിടെ ഉണ്ടായ ഭീകരാക്രമണത്തിൽ 84 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. 50ലധികം പേരുടെ പരിക്ക് ഗുരുതരം. ഫ്രാൻസിന്‍റെ ദേശീയ ദിനാഘോഷമായ ബാസ്റ്റിൽ ഡേയിൽ പങ്കെടുക്കാനെത്തിയവരാണ് കൊല്ലപ്പെട്ടത്. കരിമരുന്ന് പ്രയോഗം കാണുകയായിരുന്ന ആയിരക്കണക്കിന് പേരുടെ ഇടയിലേക്ക് ട്രക്ക് ഒാടിച്ചു കയറ്റിയാണ് അക്രമി മനുഷ്യക്കുരുതി നടത്തിയത്. അക്രമിയെ പിന്നീട് പൊലീസ് വെടിവച്ചു കൊന്നു.

അമിതവേഗത്തിലെത്തിയ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ജനങ്ങളെ ഇടിച്ചവീഴ്ത്തി ട്രക്ക് രണ്ട് കിലോമീറ്ററോളം മുന്നോട്ട് പോയി. പാഞ്ഞുവരുന്ന ട്രക്ക് കണ്ട് പരിഭ്രാന്തരായ ജനക്കൂട്ടം നിലവിളിച്ചു കൊണ്ട് ഓടി മാറുകയായിരുന്നു. തെക്കൻ ഫ്രാൻസിലെ സുഖവാസ നഗരമാണ് നീസ്. 

അതേസമയം, ആക്രമണം നടത്തിയ ട്രക്ക് ഡ്രൈവർ 31കാരനായ ഫ്രഞ്ച്-ടുനീഷ്യൻ വംശജനാണെന്ന് വിവരം ലഭിച്ചു. ട്രക്കിൽ നിന്ന് ലഭിച്ച രേഖകൾ പ്രകാരമാണ് ഫ്രഞ്ച് അന്വേഷണ ഏജൻസിയുടെ പ്രാഥമിക നിഗമനം. ടുനീഷ്യയിൽ ജനിച്ച ഇയാൾ ഭീകരാക്രമണം നടന്ന നൈസിൽ തന്നെ താമസിക്കുന്നതായി രേഖകൾ വ്യക്തമാക്കുന്നു. രേഖകളിൽ വിവരങ്ങൾ അന്വേഷണ ഏജൻസികൾ സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വാർത്താ ഏജൻസ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ട്രക്കിലുണ്ടായിരുന്ന അക്രമികൾ വെടിയുതിര്‍ത്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തോക്കുകളും ഗ്രനേഡുകളും ട്രക്കിനുള്ളില്‍ കണ്ടെത്തിയെന്ന് പൊലീസിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശവാസികൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ആക്രമണത്തെ കുറിച്ച് പാരിസ് പ്രോസിക്യൂട്ടർ അന്വേഷണം ആരംഭിച്ചു.

നീസിലേത് ഭീകരാക്രമണമാണെന്നും രാജ്യം ഒറ്റക്കെട്ടായി ആക്രമണത്തെ ചെറുക്കുമെന്നും ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാൻസിസ് ഒലാങ്കോ രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. ആക്രമണം നടന്ന സ്ഥലം ഫ്രാൻസിസ് ഒലാങ്കോ സന്ദർശിച്ചു. സംഭവത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ അടക്കമുള്ള ലോകനേതാക്കൾ അപലപിച്ചു. നീസ് അക്രമണത്തെ രാഷ്ട്രപതി പ്രണബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപലപിച്ചു. ആക്രമണത്തില്‍ മരണപ്പെട്ടവര്‍ക്ക് ഇരുവരും ആദരമര്‍പ്പിച്ചു.

ആക്രമണത്തിൽ ഇന്ത്യക്കാർക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ എംബസി പാരിസില്‍ ഹെല്‍പ് ലൈന്‍ ആരംഭിച്ചു. +33-1-40507070 എന്ന നമ്പറില്‍ വിവരങ്ങള്‍ ലഭ്യമാകും.

 

നീസ് ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളെ ഏറ്റെടുത്തിട്ടില്ല. 2015 നവംബറിൽ പാരിസിലുണ്ടായ ഭീകരാക്രമണത്തിൽ 130 പേർ കൊല്ലപ്പെട്ടിരുന്നു. പാരിസ് ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐ.എസ് ഏറ്റെടുത്തിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.