അങ്കാറ: കുസൃതിയും കുട്ടിത്തവും തുളുമ്പുന്ന മുഖവുമായി മാതാവിന്‍െറ തോളിലേറി കടലിലിറങ്ങുമ്പോള്‍ മോഹങ്ങള്‍ പലതുണ്ടായിക്കാണണം കുഞ്ഞ് ഐലന്‍െറ നെഞ്ചകത്ത്. കൗതുകങ്ങളുടെ ആഴിയും വിധിയും മറ്റൊന്ന് കരുതിവെച്ചത് അറിഞ്ഞുകാണില്ല അവനൊരിക്കലും. ഒടുവില്‍, മണിക്കൂറുകള്‍ കഴിഞ്ഞ് എല്ലാം അവസാനിപ്പിച്ച് പുറപ്പെട്ട തീരത്തേക്ക് ജീവനറ്റ് തിരിച്ചത്തെുമ്പോള്‍ പലായനത്തിന്‍െറ വേദന ലോകത്തിനു മുഴുവന്‍ പകരുന്നതില്‍ അവന്‍ വിജയിച്ചുകഴിഞ്ഞിരുന്നു.
കാനഡയിലുള്ള പിതാവ് അബ്ദുല്ല കുര്‍ദിയുടെ അടുത്തേക്ക് പഴകിപ്പൊളിഞ്ഞ ബോട്ടില്‍ മാതാവിനും സഹോദരനുമൊപ്പം പുറപ്പെട്ടതായിരുന്നു ഐലന്‍. ഐ.എസുമായി പോരാട്ടം ഇപ്പോഴും തുടരുന്ന സിറിയന്‍ അതിര്‍ത്തി ഗ്രാമമായ കൊബാനിയില്‍നിന്നാണ് യാത്ര. കരമാര്‍ഗം ഏറെദൂരം സഞ്ചരിച്ചശേഷമായിരുന്നു തുര്‍ക്കി തീരത്തത്തെിയത്. എല്ലാ ശുഭമാകുന്നതിനു പകരം ഐലന്‍ മാത്രമല്ല, മാതാവ് റിഹാനും അഞ്ചു വയസ്സുകാരനായ സഹോദരന്‍ ഗാലിബും കടലില്‍ മരണത്തിന് കീഴടങ്ങി.
മരിച്ചുകിടക്കുമ്പോഴും മുഖത്തെ ഓമനത്തം വിടാത്ത ബാലന്‍െറ ചിത്രം ബ്രിട്ടീഷ് പത്രമാണ് ആദ്യമായി പുറംലോകത്തത്തെിച്ചത്. ലോകമാധ്യമങ്ങളും ചുവടുപിടിച്ച് വാര്‍ത്ത നല്‍കി. ഇതുകണ്ട കാനഡയിലുള്ള പിതാവ് അബ്ദുല്ലയാണ് മകന്‍െറയും കുടുംബത്തിന്‍െറയും ദാരുണാന്ത്യം സ്ഥിരീകരിച്ചത്. പിന്നാലെ, ഐലനും ഗാലിപും കളിപ്പാവ പിടിച്ചുനില്‍ക്കുന്നതും സോഫയില്‍ ഒന്നിച്ചുനില്‍ക്കുന്നതുമുള്‍പ്പെടെ മറ്റു ചിത്രങ്ങളും പുറത്തുവന്നു. നിഷ്കളങ്കതയും ഓമനത്തവും പുഞ്ചിരി പൊഴിച്ചുനില്‍ക്കുന്ന കുരുന്നുകള്‍.
രണ്ടു പതിറ്റാണ്ടുമുമ്പ് കാനഡയിലത്തെിയ അബ്ദുല്ല അടുത്തിടെ കുടുംബത്തിന് വിസ അപേക്ഷ നല്‍കിയിരുന്നെങ്കിലും അധികൃതര്‍ തള്ളിയിരുന്നു. ഇതോടെ വഴിയടഞ്ഞാണ് അനധികൃത യാത്രക്കിറങ്ങുന്നത്.
ഒന്നിലേറെ ബോട്ടുകളില്‍ ഇവരുള്‍പ്പെടെ കുടുംബങ്ങള്‍ ഒന്നിച്ചായിരുന്നു സഞ്ചാരം. തിക്കിനിറച്ച നിലയിലായിരുന്നു കൊച്ചുബോട്ടില്‍ 17 പേര്‍. നടുക്കടലിലത്തെിയതോടെ ബോട്ട് തലകീഴായി മറിയുകയായിരുന്നു. 16 പേര്‍ സഞ്ചരിച്ച ഒരു ബോട്ടുകൂടി തകര്‍ന്നിട്ടുണ്ട്. യാത്രക്കാര്‍ എല്ലാവരും മരിച്ചെന്നാണ് കരുതുന്നത്.
ഈ ആഴ്ച മാത്രം ഈജിയന്‍ കടലില്‍നിന്ന് 42,000 പേരെ രക്ഷപ്പെടുത്തിയതായി തുര്‍ക്കി അധികൃതര്‍ പറയുന്നു. കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഇവിടെ മരിച്ചത് 2160ലേറെ പേര്‍. ബുധനാഴ്ച രാത്രി മാത്രം തീരമണഞ്ഞത് നൂറിലേറെ മൃതദേഹങ്ങള്‍.
യുദ്ധവും സംഘര്‍ഷവും അനാഥമാക്കിയ മണ്ണില്‍നിന്ന് എല്ലാം വെടിഞ്ഞ് നാടുവിടേണ്ടിവരുന്നവരുടെ ദൈന്യം പങ്കുവെക്കാന്‍ പക്ഷേ, ഇനിയും ലോകം മുന്നോട്ടുവന്നില്ളെന്നതാണ് പ്രശ്നം. സിറിയയില്‍നിന്നു മാത്രമല്ല, അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ആഫ്രിക്ക തുടങ്ങിയ മേഖലകളില്‍നിന്നൊക്കെയും ഒഴുക്ക് ശക്തമാണ്.
അതിനിടെ, മ്യൂണിക്കിലത്തെുന്ന അഭയാര്‍ഥികളെ സഹായിക്കാന്‍ ജര്‍മന്‍ ഫുട്ബാള്‍ ക്ളബായ ബയേണ്‍ മ്യൂണിക് 11 ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.