ആതന്‍സ്: ഒരു വര്‍ഷത്തിനിടെ രണ്ടാംതവണയും ഗ്രീക് ജനതയെ വോട്ട് ചെയ്യാന്‍ വിട്ട് പ്രധാനമന്ത്രി അലക്സിസ് സിപ്രാസ് രാജിവെച്ചതിനു പിന്നാലെ ഭരണകക്ഷിയായ സിറിസ പിളര്‍ന്നു. യൂറോപ്യന്‍ യൂനിയനും അന്താരാഷ്ട്ര നാണയനിധിയും മുന്നോട്ടുവെച്ച കടുത്ത അച്ചടക്കനടപടികള്‍ നടപ്പാക്കുന്നതിനെതിരെ നിലകൊണ്ട വിമതരാണ് കഴിഞ്ഞദിവസം പോപുലര്‍ യൂനിറ്റി പാര്‍ട്ടി എന്നപേരില്‍ പുതിയ കക്ഷി പ്രഖ്യാപിച്ചത്.
മുന്‍ ഊര്‍ജമന്ത്രി പനാജിയോടിസ് ലഫസാനിസ് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയില്‍ സിറിസയിലെ 25 വിമത എം.പിമാര്‍ അംഗങ്ങളാകും. പുതിയ രക്ഷാപദ്ധതി നിര്‍ദേശങ്ങള്‍ക്കെതിരായിരുന്ന മുന്‍ ധനമന്ത്രി യാനിസ് വാരുഫാകിസ്, മുന്‍ പാര്‍ലമെന്‍റ് സ്പീക്കര്‍ സൂ കോണ്‍സ്റ്റന്‍ടോപുലോവ് എന്നിവര്‍ പോപുലര്‍ യൂനിറ്റി പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ല.
ജനുവരിയില്‍ നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ 149 സീറ്റുകളുമായി സിപ്രാസിന്‍െറ സിറിസ ഏറ്റവുംവലിയ ഒറ്റക്കക്ഷിയായിരുന്നു. രണ്ടാമതുള്ള ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി 79 സീറ്റുകള്‍ നേടി. 25 അംഗങ്ങളുള്ള പോപുലര്‍ യൂനിറ്റി പാര്‍ട്ടിയാകും പാര്‍ലമെന്‍റിലെ വലിയ മൂന്നാം കക്ഷി.
വിദേശശക്തികള്‍ മുന്നോട്ടുവെക്കുന്ന സാമ്പത്തിക അച്ചടക്കനടപടികള്‍ക്ക് രാജ്യം വഴങ്ങുന്നതിനെതിരായ പ്രചാരണവുമായാണ് സിറിസ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അധികാരത്തിലത്തെിയതെങ്കിലും മുമ്പ് രാജ്യം അനുഭവിച്ചിട്ടില്ലാത്തത്ര ഭീകരമായ നടപടികളാണ് യൂറോപ്യന്‍ യൂനിയനും ഐ.എം.എഫും ചേര്‍ന്ന് അടുത്തിടെ രാജ്യത്തിനുമേല്‍ അടിച്ചേല്‍പിച്ചത്. മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണ് ഇവക്കു വഴങ്ങിയതെന്നാണ് സിപ്രാസിന്‍െറ വാദമെങ്കിലും സ്വന്തം പാര്‍ട്ടിയിലെ കൂടുതല്‍ അംഗങ്ങള്‍ എതിരായതോടെ രാജി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിന് ഒരുക്കമാണെന്ന് അറിയിക്കുകയായിരുന്നു.
ഗ്രീക് നിയമപ്രകാരം പ്രധാനമന്ത്രി ഒരു വര്‍ഷത്തിനിടെ രാജിവെച്ചാല്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പ്രസിഡന്‍റ് മറ്റു കക്ഷികളെ ക്ഷണിക്കും. രണ്ടാംകക്ഷിയായ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാകും ഇത്തവണ അവസരം. പക്ഷേ, വേണ്ടത്ര പിന്തുണയില്ലാത്തതിനാല്‍ അവര്‍ക്കും മൂന്നാംകക്ഷിക്കും പിന്മാറേണ്ടിവരുമെന്നാണ് സൂചന. ഇതോടെ, പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. സെപ്റ്റംബര്‍ 20ന് തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. സിപ്രാസിന്‍െറ രാജി രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ മൂര്‍ഛിക്കാനിടയാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.