റഷ്യന്‍ കമാന്‍ഡര്‍ തീവ്രവാദക്കേസില്‍ കുറ്റക്കാരനാണെന്ന് അമേരിക്കന്‍ കോടതി

വാഷിങ്ടണ്‍: താലിബാന്‍ പോരാളി എന്നാരോപിച്ച് പിടികൂടിയ മുന്‍ സോവിയറ്റ് സൈനിക കമാന്‍ഡര്‍ കുറ്റക്കാരനെന്ന് അമേരിക്കന്‍ കോടതി. വിര്‍ജീനിയയിലെ റിച്മോണ്‍ട് കോടതിയാണ് ഇറക് ഹാമിദുല്ല (55) എന്ന മുന്‍ റഷ്യന്‍ ടാങ്ക് കമാന്‍ഡറിന് 2009ല്‍ ഖോസ്റ്റ് പ്രവിശ്യയിലെ അഫ്ഗാന്‍ അതിര്‍ത്തി പൊലീസ് കേന്ദ്രത്തില്‍ ആക്രമണം നടത്തിയ കേസില്‍ കുറ്റക്കാരനെന്ന് കണ്ടത്തെിയത്.
അമേരിക്കയില്‍ വിചാരണ നേരിടുന്ന അഫ്ഗാനിസ്താനില്‍നിന്ന് പിടികൂടിയ ആദ്യ തടവുപുള്ളിയാണ് ഹാമിദുല്ല. അമേരിക്കയില്‍ എത്തിക്കുന്നതിനുമുമ്പ് അഞ്ചുവര്‍ഷം ബഗ്രം വിമാനത്താവളത്തില്‍ തടവിലായിരുന്നു. ഏഴു പുരുഷന്മാരും അഞ്ചു സ്ത്രീകളുമടങ്ങുന്ന ജൂറി എട്ടുമണിക്കൂര്‍ വാദം കേട്ടതിനുശേഷമാണ് ഹാമിദുല്ലക്കുമേല്‍ കുറ്റംചുമത്തിയത്.
ആക്രമണത്തിന്‍െറ സൂത്രധാരന്‍ ഹാമിദുല്ലയാണെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. അമേരിക്കന്‍ സൈന്യത്തെ തകര്‍ക്കുകയായിരുന്നു ആക്രമണത്തിന്‍െറ ലക്ഷ്യമെന്നും അവര്‍ വാദിച്ചു. അമേരിക്കന്‍ ഹെലികോപ്ടര്‍ വെടിവെച്ചുവീഴ്ത്തിയതിലും ഹാമിദുല്ലക്ക് പങ്കുണ്ടെന്ന ആരോപണവും ഉയര്‍ന്നു. തെളിവുകളില്ലാത്ത ആരോപണങ്ങളാണ് ഹാമിദുല്ലക്കെതിരെയുള്ളതെന്ന് അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
നവംബര്‍ ആറിനാണ് ശിക്ഷ വിധിക്കുക. പരമാവധി ശിക്ഷയായിരിക്കും ഹാമിദുല്ലക്ക് ലഭിക്കുക എന്നാണ് അറിയുന്നത്.
വെടിവെച്ചിട്ട അമേരിക്കന്‍ ഹെലികോപ്ടര്‍ കത്തിവീണതിനെ തുടര്‍ന്ന് 30ഓളം താലിബാന്‍ പോരാളികള്‍ കൊല്ലപ്പെട്ടിരുന്നു. അതില്‍നിന്ന് രക്ഷപ്പെട്ട ഒരേയൊരാളാണ് ഹാമിദുല്ല എന്നാണ് അധികൃതര്‍ പറയുന്നത്. ഹെലികോപ്ടര്‍ കത്തിയെരിയുന്നതിന്‍െറ വിഡിയോ കോടതിയില്‍ ഹാജരാക്കിയിരുന്നു. താലിബാന്‍െറ ഹഖാനി നെറ്റ്വര്‍ക്കിന്‍െറ അനുമതിയോടെയാണ് ഇദ്ദേഹം ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. എന്നാല്‍, ഹാമിദുല്ല എ.കെ 47 തോക്ക് ഉപയോഗിച്ച് വെടിവെച്ചിരുന്നൊ ഇല്ലയോ എന്നതായിരുന്നു പ്രധാന പ്രശ്നം. സാക്ഷികളില്‍ മൂന്നുപേര്‍ വെടിവെക്കുന്നതായി കണ്ടെന്ന് പറഞ്ഞപ്പോള്‍ ഒരാള്‍ തോക്കുപയോഗിക്കുന്നത് കണ്ടില്ളെന്ന് പറഞ്ഞു.
റഷ്യന്‍ സൈന്യത്തില്‍ നിന്നും വിരമിച്ച ശേഷം മതം മാറിയ ഹാമിദുല്ല താലിബാനില്‍ ചേര്‍ന്നെന്നാണ് കരുതപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.