കുടിയേറ്റം വ്യാപിപ്പിക്കാന്‍ വെസ്റ്റ് ബാങ്ക് ഭൂപടം മാറ്റിവരച്ച് ഇസ്രായേല്‍

റാമല്ല: ഫലസ്തീനികള്‍ക്കവകാശപ്പെട്ട 15,000 ഹെക്ടര്‍ ഭൂമി തങ്ങളുടേതാക്കി കാണിച്ച് വെസ്റ്റ്ബാങ്കിലെ അനധികൃത ജൂത കോളനികള്‍ നിയമവിധേയമാക്കാന്‍ ഇസ്രായേല്‍ ശ്രമം. പുതുതായി സ്ഥാപിച്ച കോളനികള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ കൂടി ഇസ്രായേലിന്‍െറതെന്നുകാണിച്ചുള്ള പുതിയ ഭൂപടമാണ് കഴിഞ്ഞ വര്‍ഷം തയാറാക്കിയത്. ഇവിടങ്ങളില്‍ താമസിച്ചുവന്ന ഫലസ്തീനികളെ ആട്ടിയോടിച്ച് ഭൂമി കൈവശപ്പെടുത്തി വര്‍ഷങ്ങളായി ജൂതകോളനികള്‍ നിര്‍മിച്ചുവരികയായിരുന്നു സര്‍ക്കാര്‍. ഇതിനെതിരെ വ്യാപക വിമര്‍ശം നിലനില്‍ക്കുന്നതിനിടെയാണ് രാജ്യാന്തര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിത നീക്കം.1948ല്‍ യു.എന്‍ ആശീര്‍വാദത്തോടെ നിലവില്‍വന്ന ഇസ്രായേല്‍ ഫലസ്തീന്‍ ഭൂമി മാത്രമല്ല, ലബനാനിന് അവകാശപ്പെട്ട ഷെബാ, സിറിയയുടെ ജൂലാന്‍ കുന്നുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ ഇപ്പോഴും കൈവശംവെക്കുന്നുണ്ട്.

1967ലാണ് കിഴക്കന്‍ ഖുദ്സ് (ജറൂസലം), ഗാസ മുനമ്പ് എന്നിവ അധിനിവേശം നടത്തിയത്. ക്രമേണ ഇവ ഇസ്രായേലിന്‍െറ ഭാഗമാക്കിയെങ്കിലും 2005ല്‍ ഗസ്സയില്‍നിന്ന് പിന്മാറി. വെസ്റ്റ് ബാങ്കിന്‍െറ ഭൂരിഭാഗം സ്ഥലത്തും അധിനിവേശം ഇപ്പോഴും തുടരുന്ന ഇസ്രായേല്‍ സ്ഥാപിച്ച 230 കോളനികളില്‍ അഞ്ചു ലക്ഷത്തോളം ജൂതര്‍ താമസിക്കുന്നുണ്ട്.

ഇവയോടു ചേര്‍ന്നുള്ള സ്ഥലങ്ങളിലാണ് കൂടുതല്‍ കുടിയേറ്റ കേന്ദ്രങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നത്.  2013, 2014 വര്‍ഷങ്ങളിലും സമാനമായി ഫലസ്തീന്‍ ഭൂമി കൂടുതല്‍ കൈയേറിയിരുന്നുവെങ്കിലും ഇത്തവണ ഇത് അനേക ഇരട്ടികളായി വര്‍ധിപ്പിച്ചത് ക്രമേണ വെസ്റ്റ് ബാങ്ക് സമ്പൂര്‍ണമായി അധിനിവേശം നടത്തുന്നതിന്‍െറ ഭാഗമാണെന്നാണ് ആശങ്ക. 

സമേറിയ, നോക്ഡിം, ഗിറ്റിറ്റ് തുടങ്ങിയ സ്ഥലങ്ങള്‍ പുതുതായി കൈയേറിയവയില്‍ പെടും. 62,000 ഏക്കര്‍ ഇങ്ങനെ കൈവശപ്പെടുത്തിയെന്ന് ഫലസ്തീനികള്‍ കുറ്റപ്പെടുത്തുന്നു. വെസ്റ്റ് ബാങ്കിനു പുറമെ കിഴക്കന്‍ ജറൂസലം, ജൂലാന്‍ കുന്നുകള്‍ എന്നിവിടങ്ങളിലാണ് അവശേഷിച്ച ജൂത കോളനികള്‍ നിലനില്‍ക്കുന്നത്.പുതുതായി രേഖകളില്‍പെടുത്തിയ സ്ഥലങ്ങളിലേറെയും നേരത്തേ ‘വെടിവെച്ചിടുന്ന സ്ഥലം’ ആയി അടയാളപ്പെടുത്തിയതായിരുന്നു.രേഖകള്‍ മാറ്റിവരക്കുന്നതോടെ ഇസ്രായേല്‍ കോടതിയില്‍ ഫലസ്തീനികള്‍ക്ക് നീതി തേടാനുള്ള അവസരവും നഷ്ടമാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.